കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കൊല്ലം ജൂണില്‍ മാത്രം കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 589 കുട്ടികളാണ്. ഒരു ദിവസം ശരാശരി 19 കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്.
കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ കുറഞ്ഞു വരുമ്പോഴാണ് ബലാത്സംഗ കേസുകള്‍ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഉയരുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 999 കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ചുമത്തുന്ന പോക്സോ കേസുകളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടതാണ്.
കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമം ഉയരുന്ന സാഹചര്യത്തില്‍, ഓണ്‍ലൈന്‍ വഴി നടക്കുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്..
കേരള പൊലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിന്റേഷന്‍ എന്ന പേരിലാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രാഹിനാണ് സ്പെഷ്യല്‍ ടീമിന്റെ ചുമതല.
കേരള പൊലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം.
13 പേരാണ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബര്‍ പെട്രോളിങ് നടത്തുക, അത്തരത്തിലുണ്ടാകുന്ന ചൂഷണം തടയുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ചുമതലകള്‍.
സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ കൈക്കൊള്ളുക, മാതാപിതാക്കള്‍, അധ്യാപകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്കരണം നടത്തുക തുടങ്ങിയവയും സംഘത്തിന്റെ ഉത്തരവാദിത്വമാണ്.
Discussion about this post