ചിറയിൻകീഴ്: കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മകൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വോട്ടുചോദിച്ച് തനിക്കും സഹപ്രവർത്തകർക്കും മുന്നിൽ എത്തിയപ്പോൾ കണ്ണീരോടെ പുണരാനല്ലാതെ ഈ അമ്മയ്ക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു വോട്ടുചോദ്യം മകനും പ്രതീക്ഷിച്ചിരുന്നില്ല. ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർഥി അനൂപ് ബിഎസായിരുന്നു അമ്മയുടെ ജോലി സ്ഥലത്തെത്തി വോട്ടഭ്യർത്ഥിച്ചത്.
അപ്രതീക്ഷിതമായി സ്ഥാനാർത്ഥി തൊഴിലുറപ്പെടുക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് അമ്മയും മകനും കണ്ടുമുട്ടിയത്. ഇല്ലായ്മകൾക്കിടയിലും തന്നെ ചേർത്ത് പിടിച്ച് ഉയരങ്ങളിലെത്തിക്കാൻ പാടുപെട്ട അമ്മയെ മകനും നെഞ്ചോടു ചേർത്ത് കണ്ണീരണിഞ്ഞു.
ബുധനാഴ്ച രാവിലെ 9.30തോടെ പെരുമാതുറയിലും അഞ്ചുതെങ്ങിലും സന്ദർശനം നടത്തിയശേഷം പഴഞ്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ വോട്ടുചോദിച്ചെത്തിയതായിരുന്നു അനൂപ്. അവിടെ തൊഴിലാളികൾക്കിടയിൽ അനൂപിന്റെ അമ്മ സുദേവിയും വിയർപ്പാറ്റി നിൽക്കുന്നുണ്ടായിരുന്നു. തൊഴുകൈയോടെ തനിക്കൊരു വോട്ടെന്ന് മകൻ പറഞ്ഞതും അമ്മയുടെ കണ്ണുകളിൽ സന്തോഷം കൊണ്ട് നിറഞ്ഞുകവിഞ്ഞു. കണ്ണീരണിഞ്ഞ സുദേവിയെ നെഞ്ചോട് ചേർത്താണ് അനൂപ് ആശ്വസിപ്പിച്ചത്. എനിക്കൊരു വോട്ട് ഉറപ്പായും തരണമെന്നുകൂടി പറഞ്ഞതോടെ ഇരുവരുടെയും സങ്കടകരച്ചിൽ വലിയൊരു സന്തോഷ ചിരിക്ക് വഴിമാറി.
മുമ്പ് തൊണ്ടുതല്ലി കയർപിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. പിന്നീട് തൊഴിൽ കുറഞ്ഞപ്പോഴാണ് തൊഴിലുറപ്പ് പണിക്കിറങ്ങിയത്. അച്ഛൻ ബ്രഹ്മാനന്ദൻ മേൽകടയ്ക്കാവൂർ ക്ഷീരസഹകരണ സംഘത്തിലെ തൊഴിലാളിയാണ്. പാൽ വീടുകളിൽ വിതരണം ചെയ്യുന്ന ജോലിയാണ് ബ്രഹ്മാനന്ദന്. ഇവരുടെ മൂന്നുമക്കളിൽ മൂത്തമകനാണ് അനൂപ്.
Discussion about this post