ആലുവ: ലോട്ടറി ഏജന്റിനോട് കടം പറഞ്ഞ് എടുത്ത സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. ആലവു സ്വദേശി പികെ ചന്ദ്രനാണ് മഹാഭാഗ്യം കൈവന്നത്. സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയിലെ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ ചന്ദ്രന് കൈവന്നത്. ഞായറാഴ്ചത്തെ നറുക്കെടുപ്പില്‍ എസ്.ഡി. 316142 എന്ന നമ്പറിനാണ് ആറു കോടി ലഭിച്ചത്.
പട്ടിമറ്റം വലമ്പൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്കു മുന്‍പിലും വില്‍ക്കുന്നത്. ഇവിടെ നിന്നാണ് കടമായി ലോട്ടറി ടിക്കറ്റ് ചന്ദ്രന് എടുത്തത്. ഞായറാഴ്ച 12 ബംബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രന് ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് ടിക്കറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു.
6142 എന്ന നമ്പര്‍ മാറ്റി വെയ്ക്കാന്‍ പറഞ്ഞ ചന്ദ്രന് പണം ഇനി കാണുമ്പോള്‍ തരാമെന്നും പറഞ്ഞു. ഞായറാഴ്ച വൈകീട്ടോടെ താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജന്‍സിയില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ടിക്കറ്റ് നമ്പര്‍ പറഞ്ഞതോടെ പൈസ പിന്ന തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിയുകയായിരുന്നു. തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നല്കി തുകയായ 200 രൂപ കൈപ്പറ്റുകയും ചെയ്തു.
അതേസമയം, സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാന്‍ കാരണമെന്ന് ചന്ദ്രന് പറയുന്നു. കീഴ്മാട് ഡോണ്‍ ബോസ്കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്. വര്‍ഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും തീരെ ചെറിയ സമ്മാനങ്ങളാണ് അടിച്ചിരുന്നത്. ആദ്യമായാണ് വലിയൊരു തുക ചന്ദ്രനെ തേടിയെത്തുന്നത്.
ഭാര്യ: ലീല. മക്കള്‍: ചലിത, അഞ്ജിത, അഞ്ജിത്ത്. മൂത്ത മകള്‍ ചലിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വീടുപണി നടക്കുകയാണ്. അവരെ സാമ്പത്തികമായി സഹായിക്കണം. പിന്നെ രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബി.ടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കും പണം ചെലവഴിക്കുമെന്ന് ചന്ദ്രന് പറയുന്നു. കുട്ടമശ്ശേരി എസ്.ബി.ഐ.യിലെത്തി ചന്ദ്രന് ടിക്കറ്റ് കൈമാറി.
Discussion about this post