കപട രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയെന്ന് അമിത് ഷാ റഫേല്‍ ഇടപാടില്‍ തെറ്റായൊന്നും കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഷ്ട്രീയ നേട്ടത്തിനായി നടത്തിയ വ്യാജപ്രചരണമാണ് കോടതി വിധിയിലൂടെ വെളിപ്പെട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കലായിരുന്നു റഫേല്‍ ഇടപാടിന്റെ മേലുണ്ടായ ആരോപണമെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വീണ്ടുവിചാരമില്ലാത്ത ആരോപണം നടത്തിയ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം എല്ലായ്പ്പോഴും വിജയിക്കുമെന്നും അമിത് ഷാ പറയുന്നു. ബന്ധുപ്രീണനവും അഴിമതിയും ഞങ്ങളുടെ നയമല്ലെന്ന് ബിജെപി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ അംബാനിയെ ഇടപാടില്‍ ഓഫ്സെറ്റ് പാര്‍ട്ണറാക്കിയതും സുപ്രിംകോടതി എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി തന്റെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്തണം. രാജ്യത്തിന് പ്രധാനപ്പെട്ട ഒരു കരാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജനങ്ങളെയും സൈനികരെയും സംശയാലുക്കളാക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിക്കുന്നു.
സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ തയ്യാറാകാതിരുന്നതെന്താണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. കാവല്‍ക്കാരന്‍ കള്ളനാണെന്ന് വിളിച്ചു പറയുന്ന എല്ലാ കള്ളന്മാരും അങ്ങനെ ചെയ്യുന്നത് കാവല്‍ക്കാരനെ പേടിക്കുന്നത് കൊണ്ടാണ്.
നിങ്ങള്‍ സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ അത് നിങ്ങളുടെ ദേഹത്ത് തന്നെയായിരിക്കും പതിക്കുകയെന്നും ഷാ രാഹുലിനെ ഉപദേശിച്ചു. നേരത്തെ ബിജെപി വക്താവ് ഷാനവാസ് ഹുസൈനും കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ചിരുന്നു. എല്ലാ ഇടപാടുകളും ബൊഫേഴ്സ് ഇടപാടല്ലെന്നാണ് ഹുസൈന്‍ പറഞ്ഞത്.
Discussion about this post