കൊച്ചി: നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖിനും പിന്നാലെ നടനും സംവിധായകനുമായ ലാല്‍ ട്വന്റി 20യില്‍ ചേര്‍ന്നു. ട്വന്റി 20-യില്‍ അംഗത്വമെടുക്കുന്നതായി വാര്‍ത്താസമ്മേളനത്തിലൂടെയാണ് ലാല്‍ പ്രഖ്യാപിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു.
ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനുമായ അലന്‍ ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. അലന്‍ ആന്റണി ട്വന്റി 20-യുടെ യൂത്ത് വിങ് പ്രസിഡന്റാകും.
കിഴക്കമ്പലം പഞ്ചായത്തിന്റെ വികസനവും ട്വന്റി 20യുടെ പ്രവര്‍ത്തനവും കാണുമ്പോള്‍ അതിനൊപ്പം നില്‍ക്കാതിരിക്കാന്‍ തനിക്കാവില്ലെന്ന് ലാല്‍ പറഞ്ഞു. ‘സംവിധായകന്‍ സിദ്ദീഖും നടന്‍ ശ്രീനിവാസനും കൂടെയുണ്ട്. ഈ പ്രസ്ഥാനത്തിനൊപ്പം താല്‍ക്കാലികമായെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് അതിന്റെ നന്മ കണ്ടിട്ടാണ്. ഇതിനേക്കാള്‍ വലിയൊരു നന്മ കാണുന്നത് വരെ പാര്‍ട്ടിയുടെ കൂടെയുണ്ടാകും’ ലാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജുവും ട്വന്റി 20യില്‍ ചേര്‍ന്നു. ട്വന്റി 20 ഉപദേശക സമിതി അംഗവും സെക്രട്ടറിയുമായി വര്‍ഗ്ഗീസ് ജോര്‍ജിനെ തിരഞ്ഞെടുത്തതായി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് വിങ്ങിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന അധികച്ചുമതല കൂടി നല്‍കിയതായും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.
വിദേശത്ത് പ്രഫഷണലായി ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ് ആ ജോലി രാജിവെച്ചാണ് ട്വന്റി20യില്‍ ചേര്‍ന്നിരിക്കുന്നത്. വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ പിതാവ് ഡോ.ജോര്‍ജ്ജും ട്വന്റി20യില്‍ അംഗമായി. സീനിയര്‍ സിറ്റിസണ്‍ വിങ്ങിന്റെ പ്രസിഡന്റായി ജോര്‍ജ്ജിനെ നിയോഗിച്ചു.
വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായി സാമൂഹിക പ്രവര്‍ത്തകയായ ലക്ഷ്മി മേനോനെയും തിരഞ്ഞെടുത്തതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി. വനിതാ-യുവജന വിഭാഗങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ട്വന്റി20യുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
Discussion about this post