ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പ്ലെയിംഗ് ഇലവനില്‍ നിന്ന് രവീന്ദ്ര ജഡേജയെ മാറ്റി നിര്‍ത്തിയതിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. താരത്തെ ഉള്‍പ്പെടുത്താത്തത് വഴി വലിയ മണ്ടത്തരമാണ് ടീം ഇന്ത്യ ചെയ്തതെന്ന് വോന്‍ പറഞ്ഞു. പേസിനെ തുണക്കുന്ന പെര്‍ത്തിലെ പിച്ചില്‍ നാല് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്ക് മൂലം രോഹിത്ത് ശര്‍മയും, അശ്വിനും പുറത്തിരുന്നപ്പോള്‍, ഹനുമാ വിഹാരിക്കും, ഉമേഷ് യാദവിനും ടീമിലിടം ലഭിച്ചു.
ജഡേജയെ മാറ്റി നിര്‍ത്തിയത് ആസ്‌ത്രേലിയക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഇത് അഞ്ചാം തവണയാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെ ഇന്ത്യ കളത്തിലിറങ്ങുന്നത്. മികച്ച ഒരു സ്പിന്നര്‍ എന്നതുപോലെ തന്നെ, എട്ടാം പൊസിഷനില്‍ ബാറ്റു വീശാന്‍ കഴിവള്ള താരമായിരുന്നു ജഡേജ. വിരാട് കോഹ്ലിയുടെ തീരുമാനം ഞെട്ടിച്ചെന്ന് പറഞ്ഞ വോന്‍ ഒരുപടി കൂടി കടന്ന്, മത്സരം ആസ്‌ത്രേലിയ വിജയിക്കാനാണ് സാധ്യതയെന്നും പറഞ്ഞു.
ടോസ് നഷ്ടമായ ഇന്ത്യ ബൗള്‍ ചെയ്യാന്‍ അയക്കപ്പെടുകയായിരുന്നു. പെര്‍ത്തില്‍ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, ആദ്യം ദിനം ബൗള്‍ ചെയ്യുന്നത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് ടോസിന് ശേഷം കോഹ്ലി പറയുകയുണ്ടായി. കഴിഞ്ഞ കളി വിജയിച്ചതിലെ ആത്മവിശ്വാസം കൂടെയുണ്ട് പക്ഷേ, സ്‌കോറിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്.
Discussion about this post