തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ പരസ്യപ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ദേശീയ നേതൃത്വം ഇടപെട്ടത്. നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും എതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
ഹൈക്കമാന്‍ഡിനെ അടക്കം വിമര്‍ശിച്ചുള്ള കെ സുധാകരന്റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകള്‍ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരന്‍ തുറന്നടിച്ചത്.
ഹൈക്കമാന്‍ഡെന്നാല്‍ ഇപ്പോള്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ല, കെസി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആഘാതമായി. കെസി വേണുഗോപാലിന്റെ ഇടപെടലിനെതിരായ സുധാകരന്റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കള്‍ക്കുമുണ്ട്.
മുടി മുറിച്ച് പാര്‍ട്ടി ഓഫീസില്‍ നിന്നും കരഞ്ഞിറങ്ങിയ ലതികാ സുഭാഷ്, പ്രത്യാശ ഇല്ലെന്ന കെ സുധാകരന്റെ തുറന്ന് പറച്ചില്‍. കേരളത്തിലുള്ളത് എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമെന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട പിസി ചാക്കോ. ഇപ്പോഴില്ലെങ്കില്‍ പിന്നെ ഭരണമില്ലെന്ന വിധം പൊരുതുന്ന കോണ്‍ഗ്രസ് ഓരോ ദിവസവും നേരിടുന്നത് പുതിയ പ്രതിസന്ധികള്‍.
പ്രധാന വില്ലന്‍ കെസി വേണുഗോപാലെന്ന കെ.സുധാകരന്റെ വിമര്‍ശനം ഒറ്റപ്പെട്ടതല്ല. ഹൈക്കമാന്‍ഡ് പ്രതിനിധി എന്ന പേരില്‍ ഇടപെടുന്ന വേണുഗോപാലിന്റെ യാഥാര്‍ഥ ലക്ഷ്യം പുതുതായൊരു കെസി ഗ്രൂപ്പാണെന്ന പരാതി നേരത്തെ എ- ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. കടുത്ത ആരോപണത്തില്‍ കെസി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ കെസിയെ പിന്തുണച്ചും സുധാകരനെ തള്ളിയും സംസ്ഥാന നേതാക്കള്‍ പട്ടികയെ പുകഴ്ത്തി രംഗത്തെത്തുകയാണ്.
Discussion about this post