തിരുവനന്തപുരം: തിരുവന്തപുരം മൃഗശാലയില്‍ ചിത്രശലഭ ഉദ്യാനം ഒരുങ്ങുന്നു. ഇതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
മൃഗശാലയെ നവീകരിക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് ഇതിന്റെ ഭാഗമായാണ് ചിത്രശലഭങ്ങളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നത് പാമ്പിന്‍ കൂടുകളുടെ സമീപമായാണ് പാര്‍ക്ക് സജ്ജമാക്കുന്നത്. ഇതിന്റ ആദ്യപടിയായി പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന രീതിയിലുളള പൂച്ചെടികളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും.
ചിത്രശലഭങ്ങള്‍ക്ക് തേന്‍കുടിക്കാനും മുട്ടയിടാനുമായി രണ്ടുതരത്തിലുള്ള ചെടികളാണ് ഇവിടെ പ്രധാനമായും നട്ടുപിടിപ്പിക്കുക. ലാര്‍വ ഘട്ടത്തില്‍ ശലഭങ്ങള്‍ ചെടികളുടെ തളിരിലയും പൂക്കളും ആഹാരമാക്കാറുണ്ട്. തലസ്ഥാന നഗരിയില്‍ കൂടുതലായി കാണപ്പെടുന്ന ചിത്രശലഭങ്ങളെ മനസ്സിലാക്കാനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചെടികളാണ് നട്ടുപിടിപ്പിക്കുന്നതെന്ന് മ്യൂസിയം സൂപ്രണ്ട് ടി വി അനില്‍കുമാര്‍ പറഞ്ഞു.
കീടനാശിനികള്‍ ഉപയോഗിക്കാതെ, ജൈവ ജാലകം തീര്‍ത്ത് പൂമ്പാറ്റകളെ നഗരത്തില്‍ തിരികെ എത്തിക്കാനും ഉദ്യമം സഹായിക്കുമെന്ന് മ്യൂസിയം അധികൃതര്‍ പ്രതീക്ഷിക്കുന്നു. ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും ഒരുക്കി ലാന്‍ഡ്‌സ്‌കേപ് ചെയ്ത് ഉദ്യാനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.
Discussion about this post