മലപ്പുറം: എൽഡിഎഫിന്റെ സ്ഥാനാർത്ഥി കെടി ജലീലിന് എതിരെ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്ന ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പിന്മാറി. സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ഫിറോസ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
തവനൂരിൽ താൻ മത്സരിക്കാനില്ലെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ എത്തി പ്രതികരിച്ചു. ‘നേതാക്കൾ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ് പാതിമനസോടെ മത്സരിക്കാമെന്ന് വിചാരിച്ചത്. അതിൻപ്രകാരം പ്രവർത്തനവും ആരംഭിച്ചു. എന്നാൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ തന്റെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞത്’- ഫിറോസ് പറയുന്നു.
ഇനി അതുകൊണ്ട് തന്നെ തവനൂരിൽ മത്സരിക്കാനില്ല. നമ്മൾ വലിഞ്ഞുകേറി വന്ന ഫീൽ വരും. പാർട്ടിക്കായി പ്രവർത്തിച്ചവർക്ക് തന്നെയാണ് സീറ്റ് ലഭിക്കേണ്ടതെന്നും ഫിറോസ് പ്രതികരിച്ചു.
പാർട്ടിക്കായി പ്രവർത്തിച്ചവർ മത്സരിക്കട്ടെ. അതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയാണ്. എങ്കിലും ആ മണ്ഡലത്തിലെ സഹോദരങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം ഞാനുണ്ടാകുമെന്നും ഫിറോസ് പറഞ്ഞു.
നേരത്തെ, കോൺഗ്രസ് ചിഹ്നത്തിൽ തവനൂരിൽ മത്സരിക്കാൻ ഫിറോസ് സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെട്ടിയിറക്കിയ സ്ഥാനാർത്ഥി വേണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മുസ്ലിം ലീഗ് പ്രവർത്തകനാണെന്ന് തുറന്നുപറഞ്ഞ ഫിറോസിന് കോൺഗ്രസിന്റെ സീറ്റ് നൽകുന്നത് മുന്നണി വഞ്ചനയാണെന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ ഫിറോസിനെ മാറ്റി നിർത്തിയിരിക്കുന്നത് എന്നാണ് സൂചന.
ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ്:
Discussion about this post