തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിപ്പിച്ച് ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. നേതാക്കൾ തമ്മിൽ സീറ്റിന്റെ കാര്യത്തിൽ സമവയത്തിലെത്തിയതോടെയാണ് തർക്കങ്ങൾക്ക് അറുതിയായിരിക്കുന്നത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. വലിയ ചർച്ചയായ നേമം ബിജെപിയിൽ നിന്നും തിരിച്ചുപിടിക്കാൻ കെ മുരളീധരൻ തന്നെ രംഗത്തിറങ്ങാനും സാധ്യതയുണ്ട്. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ഡൽഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും നേമം പിടിച്ചെടുക്കാൻ കരുത്തൻ തന്നെ വേണമെന്ന നിർബന്ധമാണ് ഒടുവിൽ കെ മുരളീധരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. വെല്ലുവിളി ഏറ്റെടുത്ത് നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരനും പറഞ്ഞിരുന്നു.
കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. വട്ടിയൂർക്കാവിൽ കെപി അനിൽകുമാറാണ് സ്ഥാനാർത്ഥിയാവുക.
തൃപ്പൂണിത്തുറയിൽ മത്സരിക്കണമെന്ന കാര്യം അറിയിച്ചത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കെ ബാബു പ്രതികരിച്ചു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപടലാണ് സ്ഥാനാർത്ഥിത്വത്തിന് ഇടയാക്കിയത്. മണ്ഡലത്തിൽ അനുകൂല വികാരമാണ് ഉള്ളതെന്നും കെ ബാബു പറഞ്ഞു.സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെന്ന് കൊല്ലം ഡിഡിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഇന്ന് മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും ബിന്ദു പറഞ്ഞു.
പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും. കോൺഗ്രസ് ഉടനെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെങ്കിലും പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിൽ മാത്രമാണ് ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുക.
Discussion about this post