ദുബായ്: ദുബായ്‌യില്‍ നടന്ന അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ബാള്‍ക്ക് ലെജെന്‍ഡ്‌സിനെതിരെ ഒരോവറില്‍ ആറു സിക്‌സുമായി കാണികളെ ഹരം കൊള്ളിച്ചിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് താരം ഹസ്‌റതുള്ള സസായ്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഹസ്‌റതുള്ള.
ഹസ്‌റതുള്ളയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച അബ്ദുള്ള മസാരിയുടെ ഓവറിലായിരുന്നു. നാലാം ഓവറില്‍ തന്നെ മസാരി ഹസ്‌റതുള്ളയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആ ഓവറില്‍ വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് മസാരി വഴങ്ങിയത്.
245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാബൂളിനായി 17 പന്തില്‍ നിന്ന് 62 റണ്‍സാണ് ഹസ്‌റതുള്ള അടിച്ചെടുത്തത്. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇരുപതുകാരന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ ബാള്‍ക്ക് ലെജെന്‍ഡ്‌സ് 21 റണ്‍സിന് വിജയിച്ചു.
അഫ്ഗാന്‍ താരം അര്‍ദ്ധ സെഞ്ചുറിയിലെത്താന്‍ 12 പന്തുകള്‍ മാത്രമാണ് ചെലവഴിച്ചത്. ഇതോടെ ടിട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടിയ റെക്കോഡില്‍ ഹസ്‌റതുള്ള ഇന്ത്യന്‍ യുവരാജ് സിങ്ങിനൊപ്പമെത്തി. സോബേഴ്‌സ്, രവി ശാസ്ത്രി, ഗിബ്‌സ്, യുവരാജ് സിങ്ങ് എന്നിവരാണ് ഒരോവറില്‍ ആറു സിക്‌സ് നേടിയ താരങ്ങള്‍. ഈ ഗ്രൂപ്പിലാണ് ഇപ്പോള്‍ അഫ്ഗാന്‍ താരവും ഇടം നേടിയിരിക്കുന്നത്.
Discussion about this post