ആലുവ: ആലുവയിൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിൽ വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർച്ചയായി രണ്ട് തവണ ആലുവയെ പ്രതിനിധീകരിക്കുന്ന അൻവർ സാദത്തിന് തന്നെ മൂന്നാം ഊഴം നൽകി സമാധാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ, എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ട് തന്നെ തോൽവിയിലേക്ക് എത്തിക്കാൻ മാത്രം പ്രാപ്തിയുള്ള ഒരു വനിതാസ്ഥാനാർത്ഥി ആലുവയിലേക്ക് എത്തുമെന്ന് അൻവർ സാദത്തും കണക്കുകൂട്ടിയിരുന്നില്ല. ചരിത്രം മാറ്റി മറിച്ച് ആലുവയെ വീണ്ടും ഇടതുപക്ഷത്തേക്ക് എത്തിക്കാൻ കോൺഗ്രസ് തറവാട്ടിലെ മരുമകളെത്തുന്നു എന്ന സ്ഥിരീകരിച്ചതോടെ യുഡിഎഫ് വെപ്രാളത്തിലാണ്.
ആലുവയുടെ സ്വന്തം മകളായി വരാൻ പോകുന്നത് കാൽ നൂറ്റാണ്ടിലേറെ ആലുവയെ സേവിച്ച കോൺഗ്രസ് ജനപ്രതിനിധിയായിരുന്ന കെ മുഹമ്മദാലിയുടെ മരുമകൾ കൂടിയായ ആർക്കിടെക്ട് ഷെൽന നിഷാദാണ്. ഇടതുപക്ഷത്തിനായി ജനവിധി തേടുന്ന ഷെൽന, കെ മുഹമ്മദാലിയുടെ മകനും കൊച്ചിയിലെ പ്രൊജക്ട് കൺസൾട്ടന്റുമായ നിഷാദ് അലിയുടെ ഭാര്യയാണ്. ഷെൽനയുടെ സ്ഥാനാർത്ഥിത്വത്തിന് മുഹമ്മദാലിയുടെ പൂർണ്ണപിന്തുണയുമുണ്ട്.
കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ആലുവയെ ഇടത്തോട്ട് എത്തിക്കാൻ ഷെൽന നിഷാദ് എന്ന കരുത്തുറ്റ യുവ പ്രൊഫഷണലിനെ കൊണ്ട് സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ ഉറച്ച പ്രതീക്ഷ. രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഇറങ്ങി ചെന്നിട്ടില്ലെങ്കിലും പഠന കാലം തൊട്ട് എസ്എഫ്ഐ അനുഭാവിയായിരുന്നുവെന്നും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നുവെന്ന് ഷെൽന നിഷാദ് ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു. പൊതുപ്രവർത്തകയായി രംഗത്തിറങ്ങിയില്ലെങ്കിലും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിലെല്ലാം തന്റേതായ ഇടങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നെന്ന് ഷെൽന കൂട്ടിച്ചേർത്തു.
‘പ്രളയവും കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളുടെ കാലത്തും ജനങ്ങളെ കൈവിടാകെ സംരക്ഷിച്ച സർക്കാരാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ആരും പട്ടിണി കിടക്കരുതെന്ന ദൃഢനിശ്ചയത്തോടെ സാധാരണക്കാരുടെ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് എത്തിച്ചതും, നിരാലംബരായവർക്ക് വീട് വെച്ചു നൽകിയതും, സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചതും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഹൈടെക് വിദ്യാഭ്യാസം ഒരുക്കിയതും, കൃഷിയിടങ്ങളുടെ തിരിച്ചുവരവിനായി കളമൊരുക്കിയതും എല്ലാം ഈ സർക്കാരിന്റെ മേന്മയാണ്. ജനങ്ങളുടെ പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, പെൻഷൻ, ഗതാഗത സൗകര്യം തുടങ്ങിയ എല്ലാ അടിസ്ഥാന കാര്യങ്ങളിലും ഏറെ ആർജ്ജവത്തോടെ ഇടപെടലുകൾ നടത്തിയ പിണറായി സർക്കാർ വീണ്ടും വരണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു’. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ വരുമ്പോൾ അതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നെന്നും ഷെൽന ബിഗ് ന്യൂസിനോട് പറയുന്നു.
മത്സരത്തിന് മുമ്പ് തന്നെ, തന്റെ പ്രൊഫഷണൽ മികവിന്റെ അടയാളങ്ങളായി ഉയർന്നു നിൽക്കുന്ന മെട്രോ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള വികസന മാതൃകകളും ഈ സ്ഥാനാർത്ഥിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. കൊച്ചിയുടെ മുഖഛായ തന്നെ മാറ്റിയ കൊച്ചി മെട്രോയുടെ അഞ്ച് സ്റ്റേഷനുകളുടെ ഡിസൈൻ വിരിഞ്ഞത് ഷെൽനയുടെ കൂടി നിർമ്മാണ വൈദഗ്ധ്യത്തിലാണ്. കൊച്ചി മെട്രോ സ്റ്റേഷനുകളുടെ ഡിസൈനിങ് ടീമിൽ ഷെൽനയും അംഗമായിരുന്നു.
അതേസമയം, തുടർച്ചയായി രണ്ടുതവണ എംഎൽഎയായ അൻവർ സാദത്തിനാകട്ടെ എൽഡിഎഫ് സർക്കാർ കിഫ്ബി വഴി കൊണ്ടു വന്ന വികസനങ്ങളല്ലാതെ സ്വന്തം പ്രവർത്തനത്തിലൂടെ കൊണ്ടുവന്ന ഒരു വികസനമാതൃക പോലും ചൂണ്ടിക്കാണിക്കാനില്ല. തുടങ്ങിവെച്ചതൊന്നും പൂർത്തിയാക്കാതെയാണ് ഈ അഞ്ചു വർഷവും അൻവർ സാദത്ത് ആലുവയിലെ ജനസേവന കാലാവധി പൂർത്തിയാക്കിയിരിക്കുന്നത്. ഒപ്പം ജനങ്ങളെ നിരാശരാക്കുന്ന ഒരുപിടി വിവാദങ്ങളും. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത പോലും തെറ്റാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെ മാറ്റവും വികസനവും കൊതിക്കുന്ന ആലുവയിലെ ജനങ്ങൾ ഷെൽന നിഷാദിനെ പോലെ പ്രൊഫഷണലി കഴിവ് തെളിയിച്ച ഒരു സ്ഥാനാർത്ഥിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
വ്യക്തിപരമായ യോഗ്യതകൾക്ക് ഒപ്പം, രാഷ്ട്രീയ പാരമ്പര്യവുമുള്ള തറവാട്ടിലെ മരുമകളുമായ ഷെൽന നിഷാദ് എന്ന യുവസ്ഥാനാർത്ഥി എതിരാളിയായി എത്തുന്നത് കോൺഗ്രസിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. ഈസിയായി ജയിച്ചു കയറാം എന്ന വ്യാമോഹമൊന്നും നടക്കില്ലെന്ന് ഉറപ്പായതോടെ ഷെൽനയുടെ ഭർതൃപിതാവും മുൻഎംഎൽഎയുമായ കെ മുഹമ്മദാലിയെ കാണാനായി അൻവർ സാദത്ത് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്കാണ്.
ആറ് തവണ വിജയിച്ച അഴിമതിയുടെ കറ പുരളാത്ത സാമാജികനായിരുന്ന മുഹമ്മദാലിയെ സ്വന്തം പാർട്ടിയിലെ തന്നെ അധികാര മോഹികളാണ് കുതികാൽവെട്ടി പരാജയപ്പെടുത്തിയതും പാർട്ടിയുടെ എല്ലാ മേഖലയിൽ നിന്നും മാറ്റി നിർത്തിയതും. അസുഖബാധിതനായി കിടപ്പായ സമയത്തു പോലും ആരും വന്ന് അന്വേഷിക്കുകയോ കോൺഗ്രസിലെ നേതാക്കളാരും സന്ദർശിക്കുകയോ ചെയ്തില്ലെന്ന് മുഹമ്മദാലിക്കും പരിഭവമുണ്ട്. പാർട്ടിയുടെ ഒരു പ്രവർത്തനവും തന്നെ അറിയിക്കുക പോലും ചെയ്യാറില്ലെങ്കിലും രാഷ്ട്രീയത്തിലെ എല്ലാ സംഭവ വികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് തന്റെ വിശ്രമജീവിതമെന്ന് മുഹമ്മദാലി പറയുന്നു.
തന്റെ വീടിന്റെ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ ദിവസേനെ വന്നുപോകുന്ന, തന്റെ തണലിൽ വളർന്ന് വന്ന പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിലെ ഒരാൾ പോലും ഇത്രനാളും ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സ്വന്തമായി തീരുമാനം എടുക്കാൻ കഴിവും പ്രാപ്തിയും പ്രായവുമുള്ള മരുമകൾ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായപ്പോഴാണ് കോൺഗ്രസിലെ നേതാക്കൾ തന്നെ ഓർത്തതെന്ന് മുഹമ്മദാലി തെല്ല് നിരാശയോടെ പ്രതികരിച്ചു. 2006-ൽ പരാജയപ്പെട്ട ശേഷം മുഹമ്മദാലിയെ അന്വേഷിക്കുകയോ കാണുവാനോ തയ്യാറാകാതിരുന്ന അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ ഇപ്പോൾ സന്ദർശനത്തിനായി അനുവാദം ചോദിക്കുമ്പോൾ കാണാൻ താൽപര്യമില്ലെന്ന് തന്നെയാണ് മുഹമ്മദാലിക്കും പറയാനുള്ളത്.
ഷെൽനയുടെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസിന്റെ തന്നെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്. കോൺഗ്രസ് വോട്ടുകൾ തന്നെ ചോരുമെന്ന് വ്യക്തമായതോടെ അൻവർ സാദത്തും കോൺഗ്രസ് നേതൃത്വവും വലിയ ആശങ്കയിലുമാണ്.
ഷെൽനയാകട്ടെ ഔദ്യോഗികമായി സിപിഎം സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചതോടെ ആശങ്കകൾക്കൊന്നും ഇടനൽകാതെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ പുതുമുഖമായ ഷെൽന നിഷാദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. കൊച്ചി പാലാരിവട്ടത്ത് എസ്എൻ ആർക്കിടെക്ട്സ് എന്ന പേരിൽ സ്വന്തമായി ഓഫീസിട്ട് ആർക്കിടെക്ചർ മേഖലയിൽ സജീവമായിരിക്കെയാണ് ഷെൽനയെ തേടി സ്ഥാനാർത്ഥിയാകാനുള്ള വിളിയെത്തുന്നത്. കൊച്ചി മെട്രോ ഡിസൈനിങ് ടീമിൽ അംഗമായിരുന്നതിനാൽ ആർകിടെക്ചേഴ്സിന്റെ സംഘടനയിൽ നിന്നാണ് രാഷ്ട്രീയപ്രവേശത്തിന് നിർദേശമുണ്ടായത്. ആലുവയിൽ സ്ഥിര താമസക്കാരിയായതുകൊണ്ടു തന്നെ നാട്ടുകാരിയാണെന്ന നിലയിലും ഷെൽനയ്ക്ക് ജനപ്രീതി വർധിക്കുകയാണ്.
ഷെൽനയുടെ ഭർത്താവ് നിഷാദ് അലിയും ആലുവയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. എട്ടുവയസ്സുള്ള മകനുണ്ട്, അതിഫ് അലി. 42 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തിയ പിതാവ് ഹുസൈൻ, ഉമ്മ സഫിയ എന്നിവർക്കൊപ്പം എറണാകുളം ആലുവ അത്താണിക്കടുത്ത് കരിയാടാണു ഷെൽന താമസിക്കുന്നത്.
Discussion about this post