തിരുവനന്തപുരം: ബിജെപി രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാർട്ടി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാർച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാൽ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന.
എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തിൽ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇക്കാര്യത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദവുണ്ടാകുമെന്നാണ് സൂചന. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കിൽ താരം മത്സരിക്കാനിടയില്ല.
കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.അന്തിമ തീരുമാനം കേന്ദ്രതലത്തിൽ കൈക്കൊള്ളും.
Discussion about this post