ന്യൂഡല്‍ഹി: കളിപ്പാട്ട നിര്‍മാണത്തില്‍ ചൈനയെ മറികടക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണം. കളിപ്പാട്ടങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മിക്കണമെന്നും മോഡി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 (ടോയ് ഫെയര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കണം. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം, ആത്മനിര്‍ഭര്‍ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍ നമ്മള് തന്നെ ഉല്പാദിപ്പിക്കണം. ആഗോളതലത്തില്‍ കൂടുതല്‍ ഉല്പാദനം നടത്തുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്കു സാധിക്കും.
രാജ്യത്തു വില്‍ക്കപ്പെടുന്ന 85% ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. 100 ബില്യന്‍ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്കു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നതില്‍ ദുഃഖമുണ്ട്. കൈകൊണ്ടു നിര്‍മിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം’- പ്രധാനമന്ത്രി പറഞ്ഞു.
വാരാണസിയിലെയും ജയ്പുരിലെയും പരമ്പരാഗത കളിപ്പാട്ട നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു. കുട്ടികളുടെ താല്പര്യങ്ങള്ക്കനുസരിച്ചു പരമ്പരാഗത കളിപ്പാട്ടങ്ങള്‍ പുതുക്കി നിര്‍മിക്കണം. പുനരുപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കളിപ്പാട്ട നിര്‍മാണത്തിന് ഉപയോഗിക്കണം. കളിപ്പാട്ട നിര്‍മാണ മേഖലയ്ക്കായി സര്‍ക്കാര്‍ ദേശീയ കര്‍മ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post