ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിലെ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കർശ്ശന നിർദേശം നൽകി കേന്ദ്ര സർക്കാർ. ഈ സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികൾ ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളിൽ വർധനവുണ്ടായിട്ടുള്ളത്. രാജ്യത്ത് തന്നെ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇപ്പോൾ മഹാരാഷ്ട്രയിലാണ്. രാജ്യത്ത് കോവിഡ് വാക്സിനേഷൻ നടപടികൾ തുടരുന്നതിനിടെയാണ് ഈ ഉയർച്ചയെന്നതാണ് കേന്ദ്രത്തിന്റെ നിർദേശത്തിന് പിന്നിൽ.
ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 6112 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിലെ പോരായ്മായാണ് മഹാരാഷ്ട്രയിലെ വർധനവിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം വിമർശിക്കുന്നു. ലോക്കൽ ട്രെയിനുകൾ ഓടിതുടങ്ങിയ ശേഷം മഹാരാഷ്ട്രയിലെ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ കാറ്റിൽപറത്തിയിരിക്കുകയാണ്.
വാക്സിൻ കുത്തിവെയ്പ്പ് സംസ്ഥാനങ്ങളിൽ തുടരുകയാണെന്നും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി ഇതുവരെ 1.07 കോടിയിലധികം പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചു.
Discussion about this post