പത്തനംതിട്ട: മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ബന്ധുവീട്ടിലേക്ക് പോയ സഹോദരൻ വഴിതെറ്റി എങ്ങോ പോയെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയാതെ കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു ഈ ജ്യേഷ്ഠൻ. ഏറെ നാൾ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് വർഷങ്ങൾ പതിറ്റാണ്ടുകളായി കാലചക്രം തിരിഞ്ഞപ്പോൾ ഒടുവിൽ കടത്തിണ്ണയിൽ നിന്നും സഹോദരനെ കണ്ടെത്തിയിരിക്കുകയാണ് മണികണ്ഠൻ.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരനെ കുറിച്ച് വിവരമറിഞ്ഞെത്തിയ മണികണ്ഠന് ‘മധുസൂദനാ’.. എന്നൊന്ന് വിളിക്കേണ്ടി വന്നുള്ളൂ. സ്വരം തിരിച്ചറിഞ്ഞ മധുസൂദനൻ ആശുപത്രി കിടക്കയിൽ നിന്നും ചാടി എണീറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണോടിക്കുകയായിരുന്നു. അവശനായി കിടന്ന ആൾ ചാടി എണീറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത് മറ്റ് രോഗികളേയും കൂട്ടിരിപ്പുകാരേയും അമ്പരപ്പിച്ചു. അടുത്തു കിടന്ന മറ്റു രോഗികളോട് അത് തന്റെ ജ്യേഷ്ഠന്റെ സ്വരമാണെന്ന് പറഞ്ഞായിരുന്നു മധുസൂദനൻ ആ ശബ്ദം തിരിച്ചറിഞ്ഞത്. വാതിലിനടുത്തേക്ക് ഓടിയെത്തി അവിടെ മുന്നിൽ നിന്ന ആളെ സൂക്ഷിച്ചു നോക്കി അൽപ്പസമയമെടുത്ത് തന്റെ സന്തോഷം മുഴുവൻ ശബ്ദത്തിൽ ഒളിപ്പിച്ച് ‘ ചേട്ടാ..’ എന്നു പറഞ്ഞ് മണികണ്ഠനെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു മധുസൂദനൻ.
പിന്നെ ഇരുവരും കെട്ടിപ്പിടിച്ചു കരച്ചിൽ ആയിരുന്നു. അമ്മ, മറ്റ് സഹോദരങ്ങൾ എന്നിവരുടെ എല്ലാം വിവരങ്ങൾ ചോദിച്ചു. അമ്മ മരിച്ചതായി അറിഞ്ഞപ്പോൾ വാവിട്ടു കരഞ്ഞു. തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും മണികണ്ഠൻ തയ്യാറായി.
സഹോദരന്മാരുടെ പുനസമാഗമം കണ്ട് ചുറ്റും കൂടി നിന്നവരും കണ്ണീരണിഞ്ഞു. കുമ്പഴയിലെ കടത്തിണ്ണയിൽ അവശനായി കിടക്കുന്ന നിലയിലാണ് മധുസൂദന(62)നെ കണ്ടെത്തിയത്. കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന്, വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് സേന ഡിവിഷൻ വാർഡൻ ഫിലിപ് മത്തായിയുടെ സഹായത്തോടെ മധുസൂദനനെ ജനറൽ ആശുപത്രിയിലാക്കി. ഭക്ഷണവും മരുന്നും കിട്ടിയതോടെ അവശത മാറിയ മധുസൂദനനോട് സിവിൽ ഡിഫൻസ് സേന പോസ്റ്റ് വാർഡൻ ജോജി ചാക്കോ, വാർഡൻ അശ്വിൻ മോഹൻ എന്നിവർ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് 33 വർഷത്തെ തിരോധാനത്തിന് തുമ്പുണ്ടായത്.
തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ അരുൺ ഭവനിൽ പരേതനായ കമലാസൻ-സേതു ദമ്പതികളുടെ ഇളയ മകനാണ് താനെന്നും വീട്ടുകാരെപ്പറ്റി മറ്റൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിവരം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ വി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസ് വഴി അന്വേഷണം നടത്തിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. മധുസൂദനൻ അവിവാഹിതനാണ്. 20 കിലോമീറ്റർ അകലെയുള്ള മീനാങ്കലെ ബന്ധുവീട്ടിലേക്ക് പോകാനായി 33 വർഷം മുൻപ് വീടുവിട്ട് ഇറങ്ങിയതാണ്. പിന്നീട് വിവരമൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല.
അഗ്നിരക്ഷാസേനയാണ് മധുസൂദനനെ കുമ്പഴയിൽ നിന്ന് കണ്ടെത്തി അവശനിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് മൂത്ത സഹോദരൻ മണികണ്ഠൻ അപ്പോൾ തന്നെ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ജനറൽ ആശുപത്രിയിൽ എത്തി. കോവിഡ് പരിശോധനയ്ക്ക് ശേഷം വൈകിട്ടാണ് വാർഡിൽ എത്തി മധുസൂദനനെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയുകയും ചെയ്തു.
ഉടനെ തന്നെ മധുസൂദനനെ കൂട്ടിക്കൊണ്ടു പോകാനായി മണികണ്ഠൻ തയ്യാറായെങ്കിലും ഡോക്ടർ എത്തി പരിശോധിച്ച ശേഷമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ അദ്ദേഹം മടങ്ങി. പിന്നീട് കൂട്ടിക്കൊണ്ടു പോകാനായി തന്റെ ഭാര്യ ഇന്ദിരയെയും കൂട്ടി എത്തി. ഒപ്പം വരാൻ മടി പറഞ്ഞാൽ കാണിക്കാനായി കുടുംബ സ്വത്തിൽ മധുസൂദനന് ഒഴിച്ചിട്ടിരിക്കുന്ന 30 സെന്റ് സ്ഥലത്തിന്റെ ആധാരവും അവർ കൊണ്ടുവന്നിരുന്നു.
20 വർഷമായി അനാഥനായി കുമ്പഴയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുകയാണ് മധുസൂദനനെന്ന വിവരം അറിഞ്ഞതോടെ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി അജിത്കുമാർ, പോസ്റ്റ് വാർഡൻ ജോജി ചാക്കോ എന്നിവർ വീട്ടിലേക്ക് മടങ്ങണമെന്ന് മധുസൂദനനെ പറഞ്ഞു മനസ്സിലാക്കി. വണ്ടിക്കൂലിക്കുള്ള പണവും നൽകി. പിന്നീട് ആശുപത്രിയ്ക്ക് മുന്നിൽ ഒട്ടേറെ പേരുടെ സ്നേഹനിർഭരമായ യാത്രയയപ്പോടെ മധുവിന്റെ കൈയിൽ മുറുകെ പിടിച്ച് മണികണ്ഠനും ഇന്ദിരയും മടങ്ങുകയായിരുന്നു.
Discussion about this post