തിരുവനന്തപുരം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു
ലൈഫ് മിഷനില്‍ നിര്‍മിച്ച ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷുറന്‍സ് പുതുക്കാം.
ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കാനും തീരുമാനമായി.
കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കും.
നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാവുമെങ്കിലും കെഎസ്ആര്‍ടിസിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ദീര്‍ഘദൂര ബസ്സുകളുടെ സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത നിയന്ത്രണ സംവിധാനമുണ്ടാകും. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു കമ്പനി രൂപീകരിക്കുന്നത്.
Discussion about this post