കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ തുറന്ന പ്രതികരണവുമായി നടൻ സലിം കുമാർ. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാർ പറയുന്നു.
തന്നെ ഒഴിവാക്കാനായി ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നൽകുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിക് അബുവും അമൽ നീരദുമെല്ലാം എന്റെ ജൂനിയർമാരായി കോളേജിൽ പഠിച്ചവരാണ്. ഞാനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയമെന്നും സലിം കുമാർ ആരോപിച്ചു.
കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സിപിഎം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാൻ നേരിട്ട് വിളിച്ചു ചോദിച്ചെന്നും സലിം കുമാർ പറയുന്നു.
ഒഴിവാക്കിയത് പ്രായക്കൂടുതൽ എന്നാണ് കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി. കലാകാരൻമാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവർ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നൽകിയതെന്നും സലിം കുമാർ പരിഹസിച്ചു.
Discussion about this post