ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് വിലക്ക്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ധരിക്കരുതെന്നാണ് പോലീസ് നിർദേശം.
അതേസമയം ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല. നാല് പ്രധാനപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നെഹ്രു സ്റ്റേഡിയത്തിൽ നിർവഹിച്ചത്. സ്റ്റേഡിയത്തിനകത്ത് പരിപാടിയിൽ പങ്കെടുക്കുന്നവർക്കാണ് നിർദേശം ബാധകമാക്കിയത്.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്ക് ധരിച്ചെത്തി പ്രതിഷേധം ഉയർത്താനുളള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന ശക്തമാക്കുകയും കറുത്ത മാസ്ക് ധരിക്കരുതെന്ന നിർദേശം നൽകിയതും.
Discussion about this post