കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികള്‍ നടക്കുന്ന ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം.
വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്നു പോവണം.
രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടി വരെ പൂര്‍ണമായും നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടി വരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.
തിങ്കളാഴ്ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടാകൂ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ലക്കിടി വരെയും ലക്കിടിയില്‍ നിന്ന് തിരിച്ചും ചെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാവും.
ലക്കിടിയില്‍ നിന്നും അടിവാരം വരെ കെഎസ്ആര്‍ടിസിയുടെ മിനി ബസ് ചെയ്ന്‍ സര്‍വീസുകള്‍ ഉണ്ടാകുന്നതാണ്. അടിവാരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വിഭാഗം അഭ്യര്‍ത്ഥിച്ചു.
സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.
Discussion about this post