ന്യൂഡൽഹി: രാജ്യസഭയിലെ തൃണമൂൽ എംപിയും മുൻ റെയിൽവേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെയാണ് ത്രിവേദി നാടകീയമായി രാജി പ്രഖ്യാപിച്ചത്. അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് രാജിവെച്ചതെന്നാണ് സൂചന. തന്റെ സംസ്ഥാനമായ പശ്ചിമബംഗാളിൽ അക്രമസംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നും അതിനെക്കുറിച്ച് സഭയിൽ പരാമർശിക്കാൻ സാധിക്കുന്നില്ലെന്നും ത്രിവേദി രാജി പ്രഖ്യാപനത്തിൽ പറഞ്ഞു.
തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ ബുദ്ധിമുട്ടുണ്ടെന്നും തന്നെ രാജ്യസഭയിലേക്കയച്ച പാർട്ടിയോട് നന്ദിയുണ്ടെന്നും ത്രിവേദി പറഞ്ഞു. ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും ത്രിവേദി പ്രതികരിച്ചു.
രാജിവെച്ചാൽ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാൻ സാധിക്കുമെന്നും ത്രിവേദി പറഞ്ഞു. മമതയുമായി കുറച്ചു നാളുകളായി അകന്ന ത്രിവേദി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞവർഷമാണ് രാജ്യസഭയിലെത്തിയത്.
Discussion about this post