തൃശ്ശൂര്‍: വിവാഹബന്ധം ചിലര്‍ക്ക് മധുരമേറുന്നതും ചിലര്‍ക്ക് കയ്പേറിയതും ആയിരിക്കും. അതേസമയം അറേഞ്ച്ഡ് വിവാഹങ്ങളില്‍ പെണ്‍കുട്ടിയ്ക്ക് അഭിപ്രായപ്രകടനത്തിനും സ്വാതന്ത്രമില്ല. അതേ സമയം അറേഞ്ച്ഡ് വിവാഹത്തിനൊരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഫാറൂഖ്.
ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ അംഗീകരിക്കാനാകാത്ത ഏര്‍പ്പാടാണെന്ന് ഫാറൂഖ് കുറിക്കുന്നു. വിവിധ ജീവിതസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഫാറൂഖ് പങ്കുവച്ച പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
”ഫാറൂഖ് എഴുതിയത് ♥️♥️♥️
കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോടാണ് പറയാനുള്ളത്.
അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാട് തന്നെ പൊതുവേ നിങ്ങള്‍ക്കെതിരാണ്, ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ്. എന്നാലും വേറെ വഴിയില്ലാത്ത, തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കണം.
കേരളത്തിലെ 90% ആണ്‍കുട്ടികളും എം.സി.പികള്‍ (MCP: Male Chauvinist Pig) ആകാന്‍ വേണ്ടി വളര്‍ത്തപ്പെട്ടവരാണ്. മിക്കവാറും ആരും സ്വന്തം വീട്ടില്‍ താന്‍ കഴിച്ച പാത്രം കഴുകി വെക്കുകയോ താനുപയോഗിക്കുന്ന കക്കൂസ് ഒരു പ്രാവശ്യം പോലും വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. മിക്കവാറും പേര് സ്വന്തം അടിവസ്ത്രം പോലും അമ്മയെയോ പെങ്ങളേയോ ചേട്ടത്തിയമ്മമാരെയോ കൊണ്ടാണ് അലക്കിപ്പിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഒരാളെയാണ് നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നത്. അങ്ങനെയാവരുതേ എന്ന് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം, പക്ഷെ അതിന് പത്തിലൊന്നേ സാധ്യതയുള്ളൂ. പത്തില്‍ ഒന്‍പത് സാധ്യത നിങ്ങള്‍ ഒരു എം.സി.പിയെ വിവാഹം കഴിക്കാനാണ്.
പെണ്ണുകാണല്‍ ചടങ്ങിന് സാധാരണ ചോദിക്കുന്ന എന്താ പേര്, എത്ര വരെ പഠിച്ചു എന്നീ രണ്ടു ചോദ്യങ്ങള്‍ക്കു പുറമെ ചെറുക്കനോട് മൂന്നു ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നത് അയാള്‍ എം.സി.പി ആണോ എന്നറിയാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഭക്ഷണം കഴിച്ച പ്ലേറ്റ് ആരാണ് കഴുകുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന കക്കൂസ് ആരാണ് വൃത്തിയാക്കുന്നത്, നിങ്ങളുടെ അടിവസ്ത്രങ്ങള്‍ അലക്കുന്നത് ആരാണ് എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍.
ഇങ്ങനെയുള്ള ഒരുത്തനെ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആയിരിക്കും. ഒന്നുകില്‍ വെന്തു തീരും അല്ലെങ്കില്‍ പൊട്ടിത്തെറിക്കും. ഒരേ ഒരു സേഫ്റ്റി വാല്‍വ് മാത്രമേ നിങ്ങള്‍ക്കുള്ളു – ജോലി. അടുക്കളയില്‍ നിന്ന് രക്ഷപ്പെട്ട് ദിവസവും പുറത്തേക്ക് പോകാന്‍ ഒരു ജോലി നിങ്ങളെ സഹായിക്കും, ഒരു വ്യക്തി എന്ന നിലക്കുള്ള പരിഗണയും ലഭിക്കും.
അതുകൊണ്ട് ജോലി കിട്ടുന്നത് വരെ കല്യാണം കഴിക്കരുത്, എത്ര സമ്മര്‍ദ്ദമുണ്ടായാലും പിടിച്ചു നില്‍ക്കണം. കേരളത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടുന്നവരായത് കൊണ്ട് വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്ക് വേണ്ടി കാത്തു നില്‍ക്കരുത്. എന്തെങ്കിലും ജോലി, അത് മതി.
അതുപോലെ തന്നെ പ്രധാനമാണ് ഡ്രൈവിംഗ്. വെറുതെ ലൈസന്‍സ് എടുത്തു വീട്ടില്‍ വെക്കുന്നതല്ല, നന്നായി ഏതു വണ്ടിയും ഓടിച്ചു എവിടെയും പോകാനുള്ള സ്കില്‍സും ധൈര്യവും കല്യാണത്തിന് മുമ്പേ സ്വന്തമാക്കണം, പറ്റുമെങ്കില്‍ ചെറിയൊരു വണ്ടിയും. ജോലി നിങ്ങള്‍ക്ക് ആദരവും സമത്വവും നല്‍കുമെങ്കിലും ഡ്രൈവിംഗ് സഞ്ചാര സ്വാതന്ത്ര്യം നല്‍കും എന്ന് മാത്രമല്ല ജീവിതത്തില്‍ കാര്യമായ മാറ്റവും വരുത്തും.
കല്യാണം കഴിഞ്ഞതിനു ശേഷം ജോലി അന്വേഷിക്കാമെന്ന് നിങ്ങളെ കല്യാണം കഴിക്കാന്‍ പോകുന്ന എം.സി.പി വാഗ്ദാനം ചെയ്യും, കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. കല്യാണം കഴിഞ്ഞു ആദ്യത്തെ മൂന്നാലു മാസം ഹണിമൂണും സല്‍ക്കാരവും വിരുന്നുമൊക്കെയായി പോകും. ആ സമയത്തെന്തായാലും ജോലി അന്വേഷിക്കാന്‍ പറ്റില്ല. അപ്പോഴേക്കും വിശേഷം ആകും.
ഇനിയിപ്പം പ്രസവത്തിനു ശേഷം ജോലി അന്വേഷിക്കാമെന്ന് എം.സി.പി പറയും. പ്രസവം കഴിഞ്ഞാല്‍, കുഞ്ഞു കുറച്ചു വലുതാവട്ടെ എന്ന് പറയും. അങ്ങനെ രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ അടുത്ത വിശേഷം ആകും. ഇതൊക്കെ കഴിയുമ്പോഴേക്കും ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രായവും ഊര്‍ജവും ഇല്ലാതായിട്ടുണ്ടാകും.
അതുകൊണ്ട്, ജോലി, അതെന്തു ജോലിയും ആയിക്കൊള്ളട്ടെ, ഇല്ലാതെ കല്യാണം കഴിച്ചാല്‍ നിങ്ങളുടെ ജീവിതം അടുക്കളയില്‍ ചിതലെടുത്തു തീരും. മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോള്‍ നിങ്ങളുടെ മക്കളോ കൊച്ചുമക്കളോ നിങ്ങളുണ്ടാക്കുന്ന സാമ്പാറിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റിടും, അതായിരിക്കും ചിതലരിച്ച ജീവിതത്തില്‍ നിങ്ങളുടെ ഒരേ ഒരു സന്തോഷം.
വാല്‍ക്കഷ്ണം: അടുക്കള കന്നിമൂലക്ക് വേണം, വടക്കേ മൂലക്ക് വേണം, തെക്കേ മൂലക്ക് വേണം എന്നൊക്കെ കാണിപ്പയ്യൂരും ജോത്സ്യന്മാരും ആശാരിമാരുമൊക്കെ പറയും, ഒക്കെ മണ്ടത്തരമാണ്. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ മാത്രമാണിപ്പോള്‍ അടുക്കള വീട്ടിന്റെ മൂലക്ക്, ലോകം മുഴുവന്‍ വീട്ടിന്റെ ഒത്ത നടുക്കാണ് അടുക്കള. ദി ഗ്രേറ്റ് അമേരിക്കന്‍ കിച്ചന്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി.ടി ഭട്ടതിരിപ്പാടിന്റെ മുദ്രാവാക്യം മാറ്റാന്‍ സമയമായി – അടുക്കള അരങ്ങത്തേക്ക്”.
Discussion about this post