ലഖ്‌നൗ: തുണിയെടുത്ത് തയ്പ്പിക്കാനായി നൽകിയ ഷർട്ടിന്റെ അളവ് ശരിയാകാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കൊലപ്പെടുത്തി അയൽക്കാരൻ. യുപി റായ്ബറേലിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. അബ്ദുൾ മജീദ് ഖാ(65)നാണ് കൊല്ലപ്പെട്ടത്. ഷർട്ട് തുന്നിയതുമായി ബന്ധപ്പെട്ടുയർന്ന ചില തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സലീം എന്നയാളാണ് തന്റെ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മജീദ് ഖാൻ മകൻ നയീം ഖാൻ ആരോപിക്കുന്നു.
തയ്യൽക്കാരനായ മജീദിന്റെ പക്കൽ ഷർട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നൽകിയിരുന്നു. തയ്ച്ച് നൽകിയപ്പോൾ ഷർട്ടിന്റെ അളവ്് ശരിയായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്‌നം ഉണ്ടായി. ഇത് വാക്കുതർക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സലീം, തയ്യൽക്കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടത്തിൽ മരണകാരണം വ്യക്തമാകാത്തതിനെ തുടർന്ന് മജീദിന്റെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് വന്നശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂവെന്നും റായ്ബറേലി എസ്പി ശ്ലോക് കുമാർ അറിയിച്ചു.
Discussion about this post