ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ നൽകിയ പോപ്പ് ഗായിക റിഹാനയെ വീണ്ടും ആക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. റിഹാന കർഷകസമരത്തെക്കുറിച്ചു പ്രതികരിച്ചത് ഏറ്റവും കുറഞ്ഞത് നൂറ് കോടിയെങ്കിലും കൈപ്പറ്റിയ ശേഷമായിരിക്കുമെന്നാണ് കങ്കണയുടെ പുതിയ ആരോപണം.
നേരത്തെ, ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകസമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ച് ആരും ഇതേക്കുറിച്ചു സംസാരിക്കാത്തത് എന്താണെന്നായിരുന്നു റിഹാന ട്വിറ്ററിലൂടെ ചോദ്യം ചെയ്തത്. പോപ്പ് താരത്തിന്റെ പ്രതികരണത്തോടെ സംഭവം ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. ഈ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
പിന്നാലെ, വിദേശികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്ന് പ്രതികരിച്ച് സച്ചിൻ തെണ്ടുൽക്കറും അക്ഷയ് കുമാറും കങ്കണ റണൗത്തും അടക്കമുള്ളവർ കരംഗത്തെത്തുകയായിരുന്നു. സമരം ചെയ്യുന്നവർ കർഷകരല്ല ഭീകരരാണ് എന്നു ആരോപിച്ച കങ്കണ റിഹാനയെ ‘വിഡ്ഢി’ എന്നു വിളിച്ച് ആക്ഷേപിക്കുകയും ഗായികയുടെ ബിക്കിനി ചിത്രങ്ങൾ പോസ്റ്റു ചെയ്ത് ‘പോൺ സിങ്ങർ’ എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് കോടികൾ കൈപ്പറ്റിയ ശേഷമാണ് റിഹാന കർഷകസമരത്തെക്കുറിച്ചു സംസാരിച്ചതെന്നുള്ള ആരോപണം ഉയർത്തിയത്. ഇതിനിടെ, ട്വീറ്റിനു റിഹാന പണം വാങ്ങിയിട്ടുണ്ട് എന്നു ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ വിഷയത്തിൽ സോഷ്യൽമീഡിയ ചർച്ചകളും സജീവമായി കഴിഞ്ഞു.
ചൊവ്വാഴ്ചയാണ് കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് റിഹാന രംഗത്തെത്തിയത്. റിഹാനയുടെ ട്വീറ്റിനെ എതിർത്തും അനുകൂലിച്ചും പ്രമുഖരുൾപ്പെടെ നിരവധി പേർ പ്രതികരിച്ചു. റിയാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസ് എന്നിവരും കർഷകസമരത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
Discussion about this post