കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിട്ടി യുഡിഎഫ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.
ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയം യുഡിഎഫിന്റെ പ്രചാരണത്തില്‍ ഇടംപിടിച്ചത്. ഇതിന് പിന്നാലെ ഐശ്യര്യ കേരള യാത്രയില്‍ ഇത് പ്രധാന മുദ്രാവാക്യമായി ഇത് മാറുകയും ചെയ്തു.
തുടര്‍ന്ന് ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എ.കെ. ബാലന് വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ കരട് യുഡിഎഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പുറത്ത് വിട്ടത്.
മുന്‍ ഡിജിപി ടി ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ്. യുവതീ പ്രവേശനം നിയമപരമായി തന്നെ വിലക്കുന്ന കരടില്‍ തന്ത്രിക്ക് നല്‍കുന്നത് പരമാധികാരം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിയുടേതാകും അന്തിമവാക്ക്.
Discussion about this post