ന്യൂഡൽഹി: കർഷകർക്ക് വേണ്ടാത്ത കാർഷിക നിയമം അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ കൂട്ടുനിൽക്കുന്ന രാജ്യത്തെ സെലിബ്രിറ്റികളെ കണ്ട് സോഷ്യൽമീഡിയ മൂക്കത്ത് വിരൽവെയ്ക്കുകയാണ്. നൂറുകണക്കിന് കർഷകർ മഞ്ഞിലും വെയിലിലും കെട്ടിപ്പൊക്കിയ സമരപന്തലിൽ കിടന്ന് മരണം വരിച്ചപ്പോഴും ഒരു വാക്ക് മിണ്ടാത്ത സെലിബ്രിറ്റികൾ കൂട്ടത്തോടെ സമരത്തെ തള്ളി പറഞ്ഞ് രംഗത്തെത്തിയത് ചിലർക്കെങ്കിലും വലിയ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിക്കറ്റ് ദൈവമായി കണ്ട് ആരാധിച്ചു വരുന്ന സച്ചിൻ തെണ്ടുൽക്കറുടെ പ്രതികരണ പ്രകടനം കണ്ട് ഞെട്ടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ സച്ചിന്റെ വാക്കുകൾ കണ്ട് അത്രയൊന്നും ഞെട്ടേണ്ടതില്ലെന്നതാണ് യഥാർത്ഥ്യം. സംഘപരിവാർ സർക്കാരിന് വേണ്ടി കുഴലൂതുന്നവർക്ക് ഇടയിൽ സച്ചിനേയും കണ്ട് അമ്പരക്കുന്നവർക്ക് സച്ചിന്റെ മുൻനിലപാടുകളിലേക്ക് നോക്കിയാൽ ആ ഞെട്ടൽ ഒഴിവാക്കാവുന്നതാണ്.
തന്നെ മാസ്റ്റർ ബ്ലാസ്റ്ററും ആരാധകലോകത്തിന്റെ ദൈവവുമൊക്കെ ആക്കിയ ക്രിക്കറ്റിനെ വരെ പണത്തിന് വേണ്ടി നിഷ്കരുണം തള്ളി പറഞ്ഞ വ്യക്തിയാണ് സച്ചിൻ രമേഷ് തെണ്ടുൽക്കർ. ബാറ്റുകൊണ്ടും ചിലപ്പോഴൊക്കെ പന്തുകൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച ക്രിക്കറ്റ് താരം സച്ചിൻ ഒന്നര കോടിയോളം വരുന്ന നികുതിയിളവിന് വേണ്ടിയാണ് താൻ ഒരു ക്രിക്കറ്ററല്ല എന്ന് കോടതിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തിയത്.
ക്രിക്കറ്റ് ലോകത്തെ താരത്തിന്റെ പ്രശസ്തി കണ്ട് സമീപിച്ച പരസ്യനിർമ്മാതാക്കൾ അദ്ദേഹത്തെ മൂല്യമേറിയ ക്രിക്കറ്റ് മോഡലായാണ് അവതരിപ്പിച്ചത്. സച്ചിൻ തന്നെ സ്വയം ഒരു ‘മോഡൽ’ ആയി വളർന്നതോടെ അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യുവും ഉയർന്നു. പരസ്യവരുമാനം ഉണ്ടാക്കുകയെന്നത് തെറ്റൊന്നുമല്ല. എന്നാൽ തന്നെ താനാക്കിയ ക്രിക്കറ്റിനെ തള്ളി പറഞ്ഞ് പണത്തിന്റെ പുറകെ നടന്നുനീങ്ങാനാണ് സച്ചിൻ ശ്രമിച്ചത്.
2011ലാണ് വിവാദ സംഭവം നടക്കുന്നത്. പരസ്യ വരുമാനവുമായി ബന്ധപ്പെട്ട് നികുതി ഇളവ് നൽകണമെന്ന ആവശ്യവുമായി സച്ചിൻ ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐടിഎടി) സമീപിച്ചു. ഇഎസ്പിഎൻ സ്റ്റാർ സ്പോർട്സ്, പെപ്സിക്കോ തുടങ്ങിയ വമ്പൻ കോർപ്പറേറ്റ് ഭീമന്മാുടെ പരസ്യ വരുമാനത്തിൽ നികുതിയിളവ് നൽകണമെന്ന് സച്ചിൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ നിയമപരമായ ഇളവ് സച്ചിന് ലഭിക്കില്ലെന്ന് അഭിഭാഷകർക്കും ഉറപ്പായിരുന്നു.
ഇതോടെയാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയുടെ ഇളവിന് വേണ്ടി വിചിത്രമായ കാരണമാണ് താരം നിരത്തിയത്. ‘താൻ ഒരു ക്രിക്കറ്ററല്ല, മറിച്ച് നടനും മോഡലുമാണെന്നതായിരുന്നു’- എന്നാണ് സച്ചിൻ അവകാശപ്പെട്ടത്. ക്രിക്കറ്റ് ദൈവം പണത്തിന് വേണ്ടി അങ്ങനെ ക്രിക്കറ്റിനെ തന്നെ തള്ളിപ്പറഞ്ഞ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരനായി. താരത്തിന്റഎ മറുപടിയിൽ ഞെട്ടിയ കേസ് പരിഗണിച്ച ഉദ്യോഗസ്ഥൻ ‘സച്ചിൻ ക്രിക്കറ്ററല്ലെങ്കിൽ പിന്നെയാരാണ് ക്രിക്കറ്റർ’ എന്നായിരുന്നു അന്നു ചോദിച്ചത്. ‘താനൊരു നോൺ പ്രൊഫഷണൽ ക്രിക്കറ്ററാണ്. അഭിനയവും മോഡലിംഗുമാണ് തന്നെ യഥാർത്ഥ തൊഴിൽ. 1997 മുതൽ അഭിനയമാണ് തന്റെ തൊഴിൽ.’ സച്ചിൻ കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നു. ക്രിക്കറ്റിന് നോൺ പ്രൊഫഷണലാക്കി മാറ്റുന്നത് വഴി വരുമാനത്തിൽ നിന്ന് നികുതിയിലേക്ക് പോകുന്ന പണത്തിൽ നിന്ന് വലിയ ഇളവ് ലഭിക്കുന്നത് മാത്രമാണ് സച്ചിൻ അപ്പോൾ മുന്നിൽ കണ്ടത്.
ഇൻകം ടാക്സ് സെക്ഷനിലെ 80RR എന്ന വകുപ്പിലെ പഴുതാണ് സച്ചിൻ ഇളവിനായി ഉപയോഗപ്പെടുത്തിയത്. നോൺ പ്രൊഷണൽ ജോലിയാണ് ക്രിക്കറ്റ് എന്ന ക്ലെയിമിനൊപ്പം നടൻ മോഡൽ എന്നതാണ് തൊഴിലെന്നും രേഖപ്പെടുത്തി. 80RR വകുപ്പ് പ്രകാരം തിരക്കഥാകൃത്ത്, ആർട്ടിസ്റ്റ്, സംഗീതജ്ഞൻ, നടൻ തുടങ്ങിയവർക്ക് നികുതിയിളവ് ലഭിക്കും. അതായത് അഭിനയത്തിലൂടെ ലഭിക്കുന്നത് പ്രധാന വരുമാനവും ക്രിക്കറ്റിലൂടെ ലഭിക്കുന്നത് മറ്റു സ്രോതസിലൂടെയുള്ള വരുമാനമെന്നും മാറ്റിയെഴുതി. മറ്റു സ്രോതസിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നികുതിയിൽ വലിയ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഈ സംഭവത്തോടെ തകരേണ്ടിയിരുന്ന സച്ചിനെന്ന വിഗ്രഹം ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം തനിനിറം വെളിപ്പെടുത്തി സ്വത്വം തെളിയിച്ചിരിക്കുകയാണ്.
വിദേശീയരായ സെലിബ്രിറ്റികൾ തങ്ങളുടെ രാജ്യത്തെ വിമർശിക്കേണ്ടെന്നും ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്നുമുള്ള ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ സച്ചിന്റെ ട്വിറ്ററിലും സമാനമായ അർത്ഥം വരുന്ന അതേ ട്വീറ്റ് സംഘപരിവാറിനെ നെഞ്ചേറ്റുന്ന സെലിബ്രിറ്റികളും ട്വിറ്റർ അക്കൗണ്ടിലും ഒരേ സമയം പ്രത്യക്ഷപ്പെട്ടത് പണം വാങ്ങിയുള്ള പ്രൊപ്പഗണ്ടയാണെന്ന് മനസിലാക്കാൻ അത്രയൊന്നും ചിന്തിക്കണ്ടി വരില്ല.
കേന്ദ്രത്തെ എതിർത്തുള്ള വിദേശത്ത് നിന്നുള്ള ‘സംഘടിത പ്രചാരണത്തിന് എതിരെ’ സംസാരിക്കുന്നവരുടെ പ്രൊപ്പഗണ്ട അറിഞ്ഞ് ജനങ്ങൾ പരിഹസിക്കുമ്പോഴും സെലിബ്രിറ്റികൾക്ക് തെല്ലും നാണക്കേട് തോന്നാത്തത് പണക്കിലുക്കം കൊണ്ടും ഇഡിയേയും ഇൻകംടാക്സിനേയും കൈയ്യിലുള്ള സർക്കാരിനെ ഭയന്നിട്ടുമാണ്. മൂല്യങ്ങളേക്കാൾ പണത്തിന് വിലനൽകുന്ന സച്ചിനെ പോലുള്ളവരുടെ നിലപാടുകൾ തുടർന്നും സംശയിച്ചേ തീരൂ.
Discussion about this post