ആലപ്പുഴ: വഴിയാത്രക്കാരെ ഇടിച്ചിട്ട് മുങ്ങിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. യുവാക്കളുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും വകുപ്പ് സസ്പെന്റ് ചെയ്തു. ആറുമാസത്തേയ്ക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ട്രോള്‍ വീഡിയോ ചെയ്യുന്നതിനായി, നേരത്തെ തീരുമാനിച്ച പ്രകാരം എത്തിയ യുവാക്കള്‍ യാത്രികരായ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. നിര്‍മ്മാണത്തിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
രണ്ടാഴ്ച മുമ്പാണ് വീഡിയോ ചിത്രീകരണത്തിനായി യുവാക്കള്‍ ചേര്‍ന്ന് മനഃപൂര്‍വ്വം യാത്രികരായ വയോധികനെയും യുവാവിനെയും അപകടപ്പെടുത്തിയത്. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടില്‍ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. ആകാശ് , ശിവദേവ് എന്നിവര്‍ സഞ്ചരിച്ച ആഢംബര ബൈക്കാണ് ഇടിച്ചത്. സുജീഷ്, അഖില്‍, ശരത്, ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി എന്നിവരടക്കം ബാക്കിയുള്ളവര്‍ ഇവരെ ബൈക്കില്‍ പിന്തുടര്ന്നു.
ശേഷം, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അപകടം മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞു. പിന്നാലെ ലൈസന്‍സും ആര്‍സിയും സസ്പെന്റ് ചെയ്യുകയായിരുന്നു. ഇതിനു പുറമെ, വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
Discussion about this post