വേങ്ങര: സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ഭിന്നശേഷിക്കാരനായ കർഷകൻ അരുണിന് ഇനി നിലത്ത് കൈകളൂന്നി നിരന്ന് നീങ്ങേണ്ട. രണ്ടുകാലുകളും തളർന്ന അരുൺ നിരങ്ങി നീങ്ങി കൃഷി ചെയ്യുന്ന വാർത്ത സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് അരുണിന്റെ അവസ്ഥ വായിച്ചറിഞ്ഞ കണ്ണൂർ സ്വദേശിയായ അസ്ലം മക്കിയാടത്ത് എന്ന 28 കാരൻ അരുണിന് വീൽചെയർ സമ്മാനിക്കാനെത്തിയത്. വേങ്ങര പുല്ലാഞ്ചാലിലെ വീട്ടിലെത്തി അസ്ലവും കുടുംബവും ഇലക്ട്രോണിക് വീൽചെയർ അരുണിന് കൈമാറി.
വീൽചെയർ ലഭിച്ചതിൽ അതീവ സന്തുഷ്ടനാണെന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോവുന്നതെന്നും അരുൺ പറഞ്ഞു. തന്നെക്കുറിച്ചുള്ള വാർത്തകൾ കണ്ട് ദിവസവുമെന്നോണം നിരവധി പേർ പിന്തുണയും സ്നേഹവും അറിയിക്കാൻ വിളിക്കുന്നുണ്ട്. നിരവധി പേർ സാമ്പത്തികമായി സഹായിച്ചു. കൃഷിക്കുള്ള വിത്തും ഗ്രോ ബാഗും തൈകളും സ്ഥലവുമടക്കം പലരും നൽകുകയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒരുപാട് പേർ നേരിട്ട് കാണാനുമെത്തി. എല്ലാവരോടും സ്നേഹവും നന്ദിയുമുണ്ട്. ജീവിതാവസാനം വരെ ഈ കടപ്പാട് നിലനിൽക്കുമെന്നും അരുൺ പറഞ്ഞു.
ഊരകം മലയുടെ താഴ്വാരത്ത് പുല്ലാഞ്ചാലിൽ പരേതനായ നാരായണൻ നായരുടെയും കാരാട്ട് മാധവിക്കുട്ടി അമ്മയുടെയും നാലുമക്കളിൽ മൂന്നാമനാണ് അരുൺകുമാർ. ഇരുകാലുകൾക്കും ശേഷിക്കുറവോടെയാണ് അരുൺകുമാർ ജനിച്ചതെങ്കിലും പരിമിതികളെയൊന്നും കാര്യമാക്കാതെ അരുൺ കൈക്കോട്ടും പേറി മണ്ണിലേക്കിറങ്ങി കൃഷിആരംഭിക്കുകയായിരുന്നു. ഈ വർഷം മാത്രം അമ്പതോളം വാഴകൾ അരുൺ സ്വന്തം അധ്വാനത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്താണ് അരുൺ ഇപ്പോൾ മുഴുവൻ സമയ കർഷകനായത്. വീടിനടുത്താണ് പാടമെങ്കിലും ഒരുറോഡും തോടും മുറിച്ചുകടന്നുവേണം കൃഷിയിടത്തിലെത്താൻ. കൈകൾ നിലത്തൂന്നി നിരങ്ങിയാണ് ഇവിടേക്കുള്ള യാത്ര. പുലർച്ചെ തുടങ്ങുന്ന കൃഷിജോലികൾ ഉച്ചവരെ തുടരും. കുടുംബത്തിന്റേയും നാട്ടുകാരുടേയും പിന്തുണയും പ്രോത്സാഹനവും അരുണിന് കൂട്ടായുണ്ട്. സ്വന്തമായൊരു കൃഷിയിടവും പരസഹായംകൂടാതെ സഞ്ചരിക്കാൻ മോട്ടോർ ഘടിപ്പിച്ച ഒരു മുച്ചക്രവാഹനവുമാണ് സ്വപ്നമെന്ന് അരുൺ പറഞ്ഞിരുന്നു.
Discussion about this post