ചെന്നൈ: 14-ാം വയസില്‍ വിവാഹം, 18-ാം വയസില്‍ രണ്ട് കുട്ടികളുടെ അമ്മ. പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ നടന്ന കുടുംബ ജീവിതത്തിലേയ്ക്ക് ചുവടുവെച്ച അംബിക ഇപ്പോള്‍ ഐപിഎസ് കാരിയാണ്. പോലീസുകാരന് ആണ് അംബികയ്ക്ക് മിന്ന് ചാര്‍ത്തിയത്. ഏവരെയും അമ്പരപ്പിക്കുന്നതും മാതൃകയാക്കാനും സാധിക്കുന്നതാണ് അംബികയുടെ ഈ വിജയഗാഥ.
ദൃഢനിശ്ചയും ഭര്‍ത്താവിന്റെ പിന്തുണയുമാണ് എന്‍. അംബിക എന്ന വീട്ടുകാരിയെ പോലീസ് വേഷത്തിലേയ്ക്ക് എത്തിച്ചത്. ഒരുനാള്‍ വിശേഷ പോലീസ് പരേഡിനു ഭര്‍ത്താവിനോടൊപ്പം അംബികയും പോയി. അവിടെ കണ്ട കാഴ്ചയാണ് അവരുടെ ജീവതത്തില്‍ മാറ്റമുണ്ടാക്കിയത്. ആകര്‍ഷകമായ യൂണിഫോമിട്ട രണ്ടു പേരെ എല്ലാവരും ആദരവോടെ സല്യൂട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അംബിക ഭര്‍ത്താവിനോടു പറഞ്ഞു, ‘എന്നെയും ഇതുപോലെ പലരും സല്യൂട്ട് ചെയ്യണം’. നടക്കാത്ത കാര്യമെന്ന് പറയുമ്പോഴും മനസില്‍ മൊട്ടിട്ട ആശയത്തില്‍ നിന്ന് പിന്മാറാന് തയ്യാറായില്ല. ഭര്‍ത്താവ് അംബികയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. അവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണെന്നും, വലിയ പരീക്ഷ ജയിച്ച് ഐപിഎസ് നേടി, ഏറെക്കാലം സേവനമനുഷ്ഠിച്ചും, ഡിപ്പാര്‍ട്മെന്റില്‍ ഉയര്‍ന്ന ഡിജിപിയും ഐജിയുമാണെന്നും, 18കാരിയായ നീ പത്താം ക്ലാസ് പോലും കടക്കാതെ സാധിക്കാത്തതാണെന്നും പറഞ്ഞപ്പോഴും അംബിക പിന്നോട്ട് പോയില്ല.
ഐപിഎസെങ്കില് ഐപിഎസ്, തന്നെ ആളുകള്‍ സല്യൂട്ട് ചെയ്യണമെന്ന് അംബിക ഉറച്ച തീരുമാനം എടുത്തു. ഒടുവില്‍ ഭര്‍ത്താവായ പോലീസുകാരന് അതിനായി വേണ്ട എല്ലാം ഒരുക്കി കൊടുക്കുകയും ചെയ്തു. ആദ്യം പത്ത് എന്ന കടമ്പ കടന്നു. പ്രീഡിഗ്രിയും എഴുതിയെടുത്തു, ബിരുദവും നേടി. ഭര്‍ത്താവായ പോലീസുകാരന് അവര്‍ക്കു താമസിക്കാന്‍ ചെന്നൈയില്‍ സ്ഥലം ഏര്‍പ്പാടു ചെയ്തു. കുട്ടികളെ നോക്കുന്ന ചുമതല സ്വയം ഏറ്റെടുത്തു. അംബിക പഠിച്ചു, പരിശീലിച്ചു, പരീക്ഷയെഴുതി. പക്ഷേ തോറ്റു.
തോല്‍വില്‍ തോറ്റ് മടങ്ങാതെ, വീണ്ടും തയാറെടുത്തു. വീണ്ടും പരീക്ഷയെഴുതി. വീണ്ടും തോറ്റു. മൂന്നാമതും ഇത് ആവര്‍ത്തിച്ചു. തോല്‍വി മൂന്നായപ്പോള്‍ ഭര്‍ത്താവ് മടങ്ങാമെന്ന് നിര്‍ദേശിച്ചു. പക്ഷേ ഒരു അവസരം കൂടി അംബിക ചോദിച്ചു. അതില്‍ അംബിക വിജയിച്ചു കയറുകയായിരുന്നു. നാലാം തവണയില്‍ അംബിക സിവില്‍ സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയും മെയിനും ഇന്റര്‍വ്യൂവും വിജയകരമായി കടന്നു. 2008 ബാച്ചിലെ ഐപിഎസ് ലിസ്റ്റില്‍ വരികയും ചെയ്തു.
ജോലിയിലെ കാര്യക്ഷമത കാരണം ‘ലേഡി ശിങ്കം’ എന്ന പേരും അംബികയ്ക്ക് പതിച്ച് കിട്ടി. 2019ല്‍ മുംബൈയില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് ആയിരിക്കെ ‘ലോക്മത് മഹാരാഷ്ട്രിയന്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡും അംബിക നേടി. അവരുടെ സ്വപ്നത്തിന് തളരാത്ത പിന്തുണ നല്കിയ ഭര്‍ത്താവും മാതൃക തന്നെയാണ്.
Discussion about this post