നാഗ്പുർ: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് ഏഴുവയസുകാരി മരിച്ചു. ലഖ്‌നൗ-മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയായ ആയുഷി പൻവാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 7.25ന് വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ സർക്കാർ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയും പിതാവും കൂടി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് പോകുന്നതിനിടെയാണ് മരണം തേടിയെത്തിയത്. കുട്ടിയുടെ ആന്തരാവയങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചു. കുട്ടിക്ക് വിളർച്ച രോഗമുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനയാത്രക്ക് മുമ്പ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല.
ഹീമോഗ്ലോബിന്റെ അളവ് എട്ടുമുതൽ പത്തുഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി പെട്ടെന്ന് മുംബൈയിലെ ആശുപത്രിക്ക് പോകാനായാണ് ഇരുവരും വിമാനയാത്ര തെരഞ്ഞെടുത്തതെന്നും അധികൃതർ പറഞ്ഞു.
Discussion about this post