തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ തീരുമാനം. തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും.
അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറം മീണ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കാനും വിലാസം മാറ്റാനും തെറ്റു തിരുത്താനുമായി 9.67 ലക്ഷം അപേക്ഷകളാണു കമ്മിഷനു ലഭിച്ചത്. ഇതില്‍ 7.58 ലക്ഷം അപേക്ഷകളും പുതുതായി പേരുചേര്ക്കാനുള്ളതായിരുന്നു.
നിലവിലെ കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുള്ളത്. പുതിയ അപേക്ഷകള്‍ പരിശോധിച്ച് ഇതില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണു ഇന്നു പ്രസിദ്ധീകരിക്കുക. പുതിയ വോട്ടര്‍മാര്‍ക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
അപേക്ഷിച്ച് 60 ദിവസത്തിനുള്ളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) തിരിച്ചറിയല്‍ കാര്‍ഡ് കൈമാറണമെന്നാണു ചട്ടം. കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാരെ വിളിക്കാം.
Discussion about this post