തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് മരണത്തോട് മല്ലിട്ട വീട്ടമ്മയ്ക്ക് രക്ഷകനായി ആര്‍പിഎഫ് അംഗം ഓമനക്കുട്ടന്. വടകര സ്വദേശിനിയായ അനിത (54)യ്ക്കാണ് ജീവിതം തിരിച്ചുകിട്ടിയത്. കോവിഡ് സംശയത്തില്‍ അല്പം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി അനിതയെ വാരിയെടുത്ത് ഓടുകയായിരുന്നു അദ്ദേഹം. രോഗിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്കി തിരിച്ചയച്ചു.
തിങ്കളാഴ്ച രാവിലെ 8.15ന് കോഴിക്കോട് നിന്ന് തിരവനന്തപുരത്തേക്ക് പോവുന്ന ജനശതാബ്ദി ട്രെയിനില്‍ അനിതയും ബന്ധുവും കൂടി തൃശൂരിലെ ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട ശേഷം അനിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇക്കാര്യം ബന്ധു റെയില്‍വേ അധികൃതരെ അറിയിച്ചു.’മെഡിക്കല്‍ അറ്റന്ഷന്’ അറിയിപ്പ് ലഭിച്ച ഓമനക്കുട്ടന് അടക്കമുള്ള ആര്‍പിഎഫ് സംഘം തൃശൂരിലെത്തിയ ജനശതാബ്ദിയിലെ അനിതയുടെ ബോഗിയിലേക്ക് ഓടിയെത്തി.
നെഞ്ചുവേദനയോടെ എഴുന്നേല്ക്കാന് ശ്രമിച്ച അനിത ഉടന്‍ കുഴഞ്ഞുവീണ് ബോധരഹിതയായി. എന്തുചെയ്യണമെന്നറിയാതെ ആര്‍പിഎഫ് സംഘം കുഴങ്ങിയപ്പോള്‍ കൂട്ടത്തിലുള്ള ഓമനക്കുട്ടന് സംശയമൊന്നുമുണ്ടായില്ല. സമയം പാഴാക്കാതെ അനിതയെ കൈയിലെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ഓടി. അവിടുത്തെ ബെഞ്ചില്‍ കിടത്തി അനിതയുടെ മുഖത്ത് വെള്ളം തളിച്ചു. കണ്ണ് തുറന്ന അനിതയെ വീല്‍ചെയറിലിരുത്തി പുറത്തുകിടന്ന പൊലീസ് ജീപ്പിനടുത്തെത്തിച്ചു.
ഓമനക്കുട്ടന് തന്നെയാണ് ഇവരെ എടുത്ത് ജീപ്പിലിരുത്തിയത്. ഉടന്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിതയെ വിശദപരിശോധനക്ക് വിധേയയാക്കി. ശേഷം വൈകീട്ട് നാലോടെ നാട്ടിലേക്ക് തിരികെ പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രക്ഷകനായ ഓമനക്കുട്ടനെ കണ്ട് നന്ദി പറഞ്ഞാണ് അനിത തിരിച്ചുപോയത്.
ഇതിനിടെ, ഓമനക്കുട്ടന് ബോധരഹിതയായ അനിതയെ എടുത്ത് ഓടുന്ന ചിത്രം വാട്സ്ആപ്പില്‍ ആരോ പങ്കുവെച്ചത് വൈറലാവുകയും ചെയ്തു. വൈകീട്ടോടെയാണ് തന്റെ ചിത്രം വാട്സ്ആപ്പില്‍ പ്രചരിക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞത്. ‘അവര്‍ കുഴപ്പമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്’ ഓമനക്കുട്ടന് പറഞ്ഞു.
Discussion about this post