അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ചേരാതെ എല്ലാ ചങ്ങലകളേയും തിരിച്ചറിഞ്ഞ് പൊട്ടിച്ചെറിയുന്ന സ്ത്രീയെ വരച്ചിടുന്ന ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സിനിമയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിനിടെ ചിത്രത്തിലെ കഥാപാത്രം സംസാരിക്കുന്ന സെക്സിലെ ഫോർപ്ലേയെ കുറിച്ചുള്ള ഭാഗങ്ങൾ, ടേബിൾ മാനേഴ്സ്, അടുക്കളയിലെ പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കവെ തന്റെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് ഡോ.ഷിനു ശ്യാമളൻ.
വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭർത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങൾ, മകൻ വളർന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാർ തുടങ്ങിയവരും വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നെന്ന് ഷിനു ചൂണ്ടിക്കാണിക്കുന്നു.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ്:
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭർത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങൾ. മകൻ വളർന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാർ.
സെക്സിന് ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ‘എല്ലാം അറിയാമല്ലേ’ എന്ന ആക്ഷേപം. ഫോർപ്ളേ ഇല്ലാതെ സെക്സ് ചെയ്യുമ്പോൾ അവൾക്ക് വേദനിക്കുന്നത് കൊണ്ട് അവൾ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോനിയിൽ വെറ്റ് ആകാതെ ലിംഗം നേരെ എടുത്തു അങ്ങോട്ട് വെച്ചാൽ അവൾക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രിക്കേഷൻ വന്ന് അവിടെ നനവ് വന്നാൽ മാത്രമേ അവൾക്ക് വേദന കൂടാതെ സെക്സ് അസ്വദിക്കാനാകു.
ടേബിൾ മാനേർസ് പുറത്തു ശീലിക്കുകയും വീട്ടിൽ തോന്നിയ പോലെ താൻ ജീവിക്കും എന്ന് വാശിയുള്ള പുരുഷൻ. ഇതുപോലെ എത്രയോ വീടുകളിൽ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകൾ ചെയ്തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാർ. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകൾ. അതിന് പകരം ‘ഇത് അവിടെ കൊണ്ട് വെച്ചേ’, ‘ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്’ എന്നു പറയുന്ന സ്ത്രീകൾ നമ്മളിൽ എത്രപേരുണ്ട് ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങൾ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് ‘ഇങ്ങനെ’ ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളിൽ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ.
മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളിൽ വളർത്തുവാൻ ഓരോ രക്ഷക്കർത്താക്കളും ശ്രദ്ധിക്കണം.
The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങൾ അതിൽ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു ??.
Jeo Baby #thegreatindiankitchen
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ…
Posted by Shinu Syamalan on Saturday, 16 January 2021
Discussion about this post