ന്യൂഡല്‍ഹി: ആസാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ അവകാശവാദവും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 15 ആയിരുന്നു അവസാന തീയതി. പട്ടികയില്‍ നിന്നു പുറത്തായ 40 ലക്ഷത്തോളം പേര്‍ക്ക് ആശ്വാസം പകരുന്നതാണ് കോടതി ഉത്തരവ്.
14.8 ലക്ഷം പേരാണ് ഇതുവരെ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. എന്‍സിആര്‍ കോഡിനേറ്റര്‍ പ്രതിക് ഹജേല കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്.
1951ല്‍ ഉണ്ടാക്കിയ പൗരത്വ രജിസ്റ്ററാണു പുതുക്കുന്നത്. 2013ല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍വഴി 2017 ഡിസംബര്‍ 31നും കഴിഞ്ഞ ജൂലൈ 31നുമായി രണ്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യലിസ്റ്റില്‍ 1.9 കോടി ജനങ്ങള്‍ മാത്രമാണ് ഇടംപിടിച്ചത്. രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ 2.89 കോടി പേര് ഇടംപിടിച്ചെങ്കിലും 40,07,707 പേര് പുറത്തായി.
Discussion about this post