ഉപയോക്താക്കളുടെ പ്രതിഷേധം ഫലം കണ്ടു. ഉടൻ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നില്ലെന്ന് സൂചന നൽകി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി. പ്രൈവറ്റ് പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്‌സ്ആപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപ്പ് നിലപാട് മാറ്റിയത്.
നിബന്ധനകൾ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാൻ ഞങ്ങൾ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും വാട്‌സ്ആപ്പ് കൂട്ടിച്ചേർത്തു. ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സ്ആപ്പ് നേരത്തെ പറഞ്ഞിരുന്നു.
ഫേസ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്‌ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്‌സ്ആപ്പ് റദ്ദാക്കി. പകരം പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ സമയം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Discussion about this post