കണ്ണൂർ: രാജ്യവ്യാപകമായി കോവിഡ് വാകിസിൻ കുത്തിവെയ്പ്പിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കോവിഡ് വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക.
വാക്‌സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ അറിയിച്ചു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളും ഉൾപ്പെടെ 133 കേന്ദ്രങ്ങളിലാണ് കേരളത്തിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിലെ വാക്‌സിൻ വിതരണം ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതാണ്.
അടുത്തഘട്ടത്തിൽ വാക്‌സിൻ നൽകുന്നത് പോലീസുകാർ, അങ്കൺവാടി വർക്കർമാർ, വളണ്ടിയർമാർ ഉൾപ്പെടെയുള്ള മുൻഗണന പ്രവർത്തകർക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവർക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകൾക്കും വാക്‌സിൻ നൽകും. വാക്‌സിൻ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിന് അനുസരിച്ച് തുടർച്ചയായി കൊടുത്തു കൊണ്ടിരിക്കുമെന്നും കെകെ ശൈലജ അറിയിച്ചിട്ടുണ്ട്.
വാക്‌സിൻ ഉത്പാദിപ്പിച്ചു കിട്ടുന്നതിന്റെയും കേന്ദ്രത്തിന്റെ ക്വാട്ട അനുവദിച്ചു കൊടുക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം. വാക്‌സിൻ വന്നുകഴിഞ്ഞാൽ ഇത്തരം വൈറസുകളെ കീഴടക്കാൻ സാധിക്കും. അടുത്ത ഘട്ടം വാക്‌സിൻ വിതരണത്തിനും കേരളം പൂർണമായും തയ്യാറാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post