തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റ് പ്രസംഗം കൊണ്ട് റെക്കോർഡ് തീർത്തിരിക്കുകയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡാണ് തോമസ് ഐസക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്.
2013 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെഎം മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് ആണ് തോമസ് ഐസക്ക് മറികടന്നത്. സർക്കാരിന്റെ അഞ്ച് വർഷത്തെ ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങൾ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.
പ്രസംഗത്തിന്റെ തുടക്കം മുതൽത്തന്നെ സാന്ദർഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്‌കൂൾ വിദ്യാർത്ഥികളുടെ കവിതകൾ മാത്രമാണ് ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമായി.
അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയർന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഒമ്പത് മണിക്ക് സഭ ചേർന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം ഉമ്മർ എംഎൽഎ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
Discussion about this post