കണ്ണൂര്‍; നാടാകെ കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനം ആഘോഷിച്ചപ്പോള്‍ ശശീന്ദ്രനെപ്പോലുളള പ്രദേശവാസികളായ കുറച്ചുപേര്‍ കിടപ്പാടത്തിനായി ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്. രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള ആനക്കുനിയെന്ന പ്രദേശത്താണ് ശശീന്ദ്രന്റെ വീട്.
പാറനിറഞ്ഞ പ്രദേശം എയര്‍പോര്‍ട്ടാക്കി രൂപപ്പെടുത്തുന്നതായി ബ്ലാസ്റ്റിങ് നടത്തുന്നതിനിടെയാണ് ശശീന്ദ്രന്റെ വീടിനു കേടുപാടു സംഭവിച്ചത്. വീടിന്റെ വാര്പ്പിലടക്കം പലയിടങ്ങളിലും വിള്ളലുകളുണ്ട്. ചുവരിലും പൊട്ടലുണ്ട്. ഈ മഴക്കാലത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ ചിലയിടത്തു നിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും ചെയ്തു. അതോടെ തല്‍ക്കാലത്തേക്ക് മുകളിലൊരു ഷീറ്റിട്ടാണ് വീടിനുള്ളില്‍ കഴിഞ്ഞുകൂടിയത്.’ എന്ന് ഡ്യൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ശശീന്ദ്രന്റെ മാത്രം അവസ്ഥയല്ല. എയര്‍പോര്‍ട്ടിന് അടുത്ത് വീടുള്ള പലരുടെയും അവസ്ഥയാണ്. ആനക്കുനി മേഖലയില്‍ തന്നെയുള്ള രാജന് പറയുന്നത് തന്റെ വീട് പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയാണെന്നാണ്. അടിത്തറ തന്നെ പലയിടത്തും താഴ്ന്നു. ചുവരുകളിലെല്ലാം നല്ല വിള്ളലുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘ശരിക്കുപറഞ്ഞാല്‍ വീട് തകര്‍ന്നു കഴിഞ്ഞു. പൊളിച്ചുമാറ്റുകയെന്നതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിയില്ല.
മറ്റ് എതിര്പ്പുകളാന്നും ഇല്ലാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്തിന്റെ പണി പൂര്‍ത്തിയാക്കിയെന്ന് പലരും അവകാശപ്പെടുമ്പോഴും ശശീന്ദ്രനേയും രാജനേയും പോലുള്ളവര്‍ക്ക് പറയാനുള്ളത് തങ്ങള്‍ വഞ്ചിക്കപ്പെട്ട കഥയാണ്. വീടിനു കേടുപാടുപറ്റിയെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്കാര്‍ക്കും കിട്ടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
‘21,000 രൂപയാണ് എനിക്കു കിട്ടിയത്. കേടുപറ്റിയ വീടിന് പെയിന്റടിക്കാന്‍ പോലും ഈ തുക തികയില്ല’ എന്നാണ് രാജന് പറയുന്നത്. ആദ്യ ഗഡുവെന്ന നിലയില്‍ 30000 രൂപമാത്രമാണ് ശശീന്ദ്രന് കിട്ടിയത്. ഏതു നിമിഷവും സര്‍ക്കാര്‍ അധികൃതര്‍ പരിശോധന നടത്തിയേക്കാമെന്ന പ്രതീക്ഷയില്‍ താല്‍ക്കാലികമായെങ്കിലും ചോര്‍ച്ച ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നു.
ഇരുവരും രണ്ടുവര്‍ഷം മുമ്പു തന്നെ അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാരെ നിയമിക്കാത്തതിനാല്‍ ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ അടച്ചുപൂട്ടിയതിനാല്‍ കോടതിയില്‍ നിന്നുള്ള തീരുമാനവും നീണ്ടു പോകുകയാണ്.
എയര്‍പോര്‍ട്ടിനായി ഏറ്റെടുത്ത സ്ഥലത്ത് ആദ്യത്തെ സ്ഫോടനം നടത്തുന്നത് 2015 സെപ്റ്റംബര്‍ 20 നായിരുന്നു. അന്ന് നൂറോളം വീടുകള്‍ക്ക് കേടുപാടുപറ്റിയെന്നാണ് പൊതുപ്രവര്‍ത്തകനായ ഷാജി പറഞ്ഞതെന്ന് ഡ്യൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന ഹരിത വി നായരാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി വന്നത്. 22 വീടുകള്‍ക്കു മാത്രമേ കേടുപാടു സംഭവിച്ചിട്ടുള്ളൂവെന്നും സ്ഫോടനം എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും നിര്‍ദേശിക്കുന്നതായിരുന്നു അസിസ്റ്റന്റ് കളക്ടറുടെ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് മുഖലവിലയ്ക്കെടുത്താണ് തുടര്‍ന്ന് ഇവര്‍ക്ക് സ്ഫോടനം നടത്താനുള്ള അനുമതി ലഭിക്കുന്നത്. അത് ലഭിച്ചശേഷം ഏഴ് ഘട്ടങ്ങളിലായി പിന്നീട് അവിടെ സ്ഫോടനം നടത്തുകയുണ്ടായി. ഈ ഏഴ് ഘട്ടങ്ങളായുള്ള സ്ഫോടനത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഇതില്‍ 823 വീടുകള്‍ക്ക് ഇതിനകം ചെറിയ തുകയാണെങ്കില്‍ കൂടി നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കുറേയേറെപ്പേരുടെ അപേക്ഷകള്‍ ഇപ്പോഴും കണ്ണൂര്‍ കളക്ട്രേറ്റില്‍ പരിഗണന കാത്തുകിടക്കുകയാണ്.
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ 10%ത്തോളം ആളുകള്‍ക്ക് ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് പുരുഷോത്തമന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റുള്ളവര്‍ക്കാകട്ടെ ലഭിച്ചത് തുച്ഛമായ തുകയും. ‘90%ത്തോളം ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ രൂപയാണ് നല്‍കിയിട്ടുള്ളത്. 30 ആള്‍ക്കോ മറ്റോ കിട്ടാന്‍ ബാക്കിയുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. നഷ്ടത്തിന്റെ മൂല്യം തിട്ടപ്പെടുത്താന്‍ വൈകുന്നതാണ് നഷ്ടപരിഹാരം വൈകുന്നതിനു കാരണമെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
കടപ്പാട് ഡ്യൂള്‍ ന്യൂസ്
Discussion about this post