തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന 18 ന് ശബരിമലയില്‍ വിശ്വാസികള്‍ എന്തു നിലപാടു സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയുടെ സമാപനസമ്മേളനത്തിനു മുന്‍പു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര പട്ടത്തു നിന്നാരംഭിച്ച് സെക്രട്ടേറിയറ്റ് നടയില്‍ ഇന്നു സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും.
പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17 ന് വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നേതൃത്വം നല്‍കും. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടു തീര്‍ഥാടനകാലത്ത് നാല് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കാനും തീരുമാനിച്ചു.
Discussion about this post