തിരുവനന്തപുരം: അമ്മ പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പിതാവ് കെട്ടിച്ചമച്ചതെന്ന് സൂചന. യുവതിയുമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം ചെയ്തത് എതിർത്തതിന്റെ വൈരാഗ്യത്തിലാണ് ഭർത്താവ് പീഡന കേസ് കെട്ടിച്ചമച്ചതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തെത്തിയിരിക്കുന്നത്.
അതേസമയം, ആദ്യ വിവാഹം വേർപെടുത്താതെ രണ്ടാം വിവാഹം നടത്തിയത് മതനിയമപ്രകാരമെന്ന ഭർത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളിയിട്ടുണ്ട്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിർത്ത് കോടതിയിൽ പോയതിനു പിന്നാലെയാണ് ഭർത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു.
രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തർക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്നാണ് സംശയം. രണ്ടാം വിവാഹത്തെ എതിർത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറിൽ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭർത്താവ് യുവതിയുടെ വീട്ടിൽ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോൾ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.
കേസിൽ അമ്മയ്ക്കു പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജാമ്യത്തെ എതിർത്തു. കുട്ടിയുടെ കൗൺസിലിങ് റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കൗൺസിലിങ് നടത്തിയവർക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങൾ വിവരിച്ചതായി കേസ് ഡയറിയിലുണ്ടെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
എന്നാൽ, മാതാവിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. 2018 മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാലുമക്കളിൽ ഇളയകുട്ടി ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്. 2019ൽ ഭർത്താവ് രണ്ടാമത്തെ കുട്ടിയെയും നാലാമത്തെ കുട്ടിയെയും കൂടെ കൊണ്ടുപോയി. ഭർത്താവ് 13 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു.
Discussion about this post