മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയില്‍ കാര്‍ അണക്കെട്ടില്‍ വീണ് വ്യാപാരി മരിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി എത്തിയതാണ് ദാരുണ അപകടത്തിലേയ്ക്ക് വഴിവെച്ചത്. പുണെ പിംപ്രി-ചിഞ്ച്വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടില്‍നിന്ന് പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കല്‍സുബായ് മലകയറാന്‍ പോയതായിരുന്നു മൂവരും.
കോട്ടുലില്‍നിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുബോര്‍ഡുകളൊന്നും വഴികളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതും അപകടത്തിലേയ്ക്ക് വഴിവെച്ചു.
Discussion about this post