തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ഡോക്ടർമാരെ പോലീസ് സല്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി വനിതാ ഡോക്ടർ രംഗത്ത്. ഡോക്ടർമാർക്ക് സല്യൂട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് വനിത ആലപ്പുഴ വെൺമണി സ്വദേശിനിയായ ഡോ. നീന നൽകിയ പരാതിയാണ് വിവാദമായിരിക്കുന്നത്. ഗസറ്റഡ് റാങ്കിലുള്ള ഒരു ഡോക്ടർ ഡെപ്യൂട്ടി കളക്ടറുടെ റാങ്കിന് തുല്യരാണെന്നായിരുന്നു ഡോ. നീന പരാതിയിൽ ഉന്നയിച്ചിരുന്ന വാദം. ഇത് ചൂണ്ടിക്കാട്ടി മാർച്ച് 28നാണ് ഇവർ പരാതി നൽകുന്നത്.
സംഭവം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായതോടെ നീനയുടെ പരാതി ഗവൺമെന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ തീരുമാനമല്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി.
അതേസമയം, ഡോ. നീനയുടെ പരാതി ഡിജിപിയുടെ പരിഗണനയിൽ എത്തിയതോടെ ഇതിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ ‘വൺവേ’ ആയി ചെയ്യുന്ന ആചാരമല്ലെന്ന പ്രതികരണവുമായി കെപിഒഎ ജനറൽ സെക്രട്ടറി സിആർ ബിജു രംഗത്തെത്തി.
സിആർ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പോലീസും സല്യൂട്ടും…
കേരള പോലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് SALUTE. SALUTE എന്നത് പരസ്പര ബഹുമാനത്തിൻ്റെ കൂടി രൂപമാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ ‘ONE WAY’ ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ SALUTE ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് SALUTE. കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും SALUTE ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്.
കൂടാതെ ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും SALUTE നൽകി ആദരിക്കാറുണ്ട്. അതുപോലെ, മൃതശരീരങ്ങളെ ആദരിക്കുന്ന സംസ്കാരവും നമ്മുടെ സേനാവിഭാഗങ്ങൾക്ക് ഉണ്ട്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു മൃതദേഹം കണ്ടാൽ ആ മൃതശരീരത്തേയും SALUTE നൽകി ആദരിക്കും.
ഇത്രയും എഴുതാൻ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥൻ SALUTE ചെയ്യണം എന്ന് കാണിച്ച് ഒരു ഡോക്ടർ സർക്കാരിലേക്ക് അയച്ച ഒരു പരാതി കണ്ടതുകൊണ്ടാണ്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു SALUTE കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി സർക്കാരിലേക്ക് അയച്ച അൽപ്പത്തരത്തെ അവജ്ഞയോടെ കാണുന്നു എന്ന് മാത്രം സൂചിപ്പിക്കട്ടെ.
ഇങ്ങനെ വലിയ മൂല്യം സേനാംഗങ്ങൾ നൽകുന്ന ആചാരമാണ് SALUTE. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രം. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ.
C.R. ബിജു
ജനറൽ സെക്രട്ടറി
KPOA
Discussion about this post