ടോക്കിയോ: യുകെയ്ക്ക് പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തി ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദമെന്നാണ് സൂചന.
ജപ്പാനിലെ വിമാനത്താവളത്തിൽ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലിൽ നിന്നെത്തിയ യാത്രക്കാരായ നാൽപതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാർക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാൻ അറിയിച്ചു. നിലവിൽ കണ്ടുപിടിച്ച വാക്സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കാര്യക്ഷമമാണോ എന്ന് ഇനിയും വ്യക്തമല്ല.
പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാൽപതുകാരന് വിമാനത്താവളത്തിൽ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരിൽ ഒരാൾക്ക് പനിയും ഉണ്ടായിരുന്നു.
ടോക്കിയോയിൽ വെള്ളിയാഴ്ച മുതൽ ജപ്പാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിർദേശം. എന്നാൽ രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാൽ നിലവിലെ നിയന്ത്രണങ്ങൾ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനിൽ ഇതുവരെ 2,80,000 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 പേർ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു.
Discussion about this post