ന്യൂഡൽഹി: രാജ്യത്തെ തന്നെ ആശങ്കയിലാഴ്ത്തി കോവാക്‌സിൻ പരീക്ഷണത്തിന് വിധേയനായ ആൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. വാക്‌സിൻ സ്വീകരിച്ചതല്ല മരണകാരണമെന്നും ഇതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാർ കൊണ്ടാണ് മരണമെന്നും ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.
വാക്‌സിൻ സ്വീകരിച്ച വ്യക്തി മരിച്ചത് ഡിസംബർ 21ന് ആണ്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. വാക്‌സിൻ സ്വീകരിക്കുന്ന സമയത്ത് ഇദ്ദേഹം എല്ലാവിധ ആരോഗ്യപരിശോധനയിലും വിജയിച്ചിരുന്നു. വാക്‌സിൻ കുത്തിവെച്ചതിനു ശേഷം നടപടിക്രമം അനുസരിച്ച് ഏഴ് ദിവസം നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഭാരത് ബയോടെക് വിശദീകരിച്ചു.
മരിച്ച വ്യക്തിയെ പോസ്റ്റമോർട്ടത്തിന് വിധേയമാക്കിയ ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് പ്രകാരം മനസ്സിലാകുന്നത് വിഷബാധ മൂലമുള്ള ഹൃദയ തകരാർ മൂലമാകാം മരണം സംഭവിച്ചത് എന്നാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണെന്നും ഭാരത് ബയോടെകിന്റെ പ്രസ്താവനയിൽ പറയുന്നു.
വാക്‌സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിനു ശേഷമായിരുന്നു ഈ വ്യക്തിയുടെ മരണം. വാക്‌സിൻ പരീക്ഷണവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകളിൽനിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, മരിച്ചയാൾ സ്വീകരിച്ചത് വാക്‌സിൻ ആണോ, പ്ലസിബോ (മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post