മോസ്കോ: രഹസ്യമായി ഇരകളെ കണ്ടെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മാംസമെടുത്ത് വിഭവങ്ങളുണ്ടാക്കിയിരുന്ന റഷ്യയുടെ സൈക്കോ മുത്തശ്ശി ‘ഗ്രാനി റിപ്പർ’ കോവിഡ് ബാധിച്ച് മരിച്ചു. എൺപത്തിയൊന്നുകാരിയായ സോഫിയ സുക്കോവയാണ് മൂന്ന് പേരെ കൊലപ്പെടുത്തി മാംസമെടുത്തതിന് പോലീസ് പിടികൂടിയ സൈക്കോ മുത്തശ്ശി.
ഇരകളുടെ മാംസം ഉപയോഗിച്ച് കുട്ടികൾക്ക് വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന സൈക്കോയായ ഇവർ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് വർഷങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. 2005ൽ സ്കൂൾ വിദ്യാർത്ഥിനിയുടെ തലയറുത്ത് കൊന്ന് വീടിന് ചുറ്റുമുള്ള പട്ടികൾക്കിട്ടു നൽകിയതായി അവർ അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു.
പ്രായത്തേക്കാളേറെ ആരോഗ്യമുണ്ടായിരുന്ന സുക്കോവ കൊലപ്പെടുത്തുന്നവരുടെ ഇറച്ചി ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കി അയൽക്കാരായ കുട്ടികൾക്കിടയിലാണ് വിതരണം ചെയ്തിരുന്നത്. മനുഷ്യ ഇറച്ചിയാണെന്ന് അറിയാതെയാണ് കുട്ടികൾ വിഭവങ്ങൾ കഴിച്ചിരുന്നത്. സുക്കോവയെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ഫ്രിഡ്ജിൽ നിന്ന് മനുഷ്യമാംസം പോലീസിന് ലഭിച്ചിരുന്നു. തെരുവിലെ കുട്ടികൾക്ക് സ്ഥിരമായി ഇവർ ഭക്ഷണം നൽകുന്നത് സംശയത്തിനിടയാക്കിയിരുന്നു. മുതിർന്നവർക്കും ചിലപ്പോഴൊക്കെ ഇവർ ഇറച്ചി പാകം ചെയ്തു നൽകുമായിരുന്നു.
അറവുശാലയിലെ ജോലിക്കാരിയായിരുന്നു സുക്കോവയുടെ കയ്യിൽ എപ്പോഴും കോടാലിയും കാണുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കാണുന്ന പൂച്ചകളെ കൊല്ലുമായിരുന്ന സുക്കോവയുടെ ക്രൂരതക്കെതിരെ ഒരിക്കൽ അയൽക്കാർ പ്രശ്നമുണ്ടാക്കിയിരുന്നു.
ഒമ്പത് വയസ് പ്രായമുള്ള പെൺകുട്ടിയും സുക്കോവയുടെ ഇരകളിൽ ഒരാളായിരുന്നു. മൂന്നാഴ്ചയോളം തടവിൽ പാർപ്പിച്ചതിനു ശേഷം ഇവർ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തുകയായിരുന്നു. വിദ്യാർഥിനിയുടെ അറുത്തുമാറ്റപ്പെട്ട തല സുക്കോവയുടെ ഫ്ലാറ്റിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങളാകട്ടെ സമീപത്ത് ചിതറിത്തെറിച്ചും തെരുവുനായ്ക്കൾ ഭക്ഷിക്കുന്നതായും കണ്ടെത്തിയിരുന്നു. സുക്കോവയ്ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ട് 14 വർഷങ്ങൾക്കുശേഷമാണ് ഇവരുടെ ശുചിമുറിയിൽനിന്ന് പെൺകുട്ടിയുടെ ഡിഎൻഎ കണ്ടെത്തിയത്.
അതേസമയം, 2019ൽ പോലീസിന്റെ പിടിയിലാകുമ്പോൾ സുക്കോവയുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽനിന്ന് മനുഷ്യമാംസം പിടിച്ചെടുത്തിരുന്നു. സുക്കോവ കൊലപ്പെടുത്തിയ 52കാരന്റെ ആന്തരീകാവയവങ്ങളാണ് ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ സമയത്ത്, 52കാരൻ തന്നെ ബലാത്സംഗം ചെയ്തെന്നും അയാളെ താൻ അടിച്ചുകൊന്നുവെന്നും വേറെ എന്തുചെയ്യണമെന്നാണ് നിങ്ങൾ കരുതുന്നതെന്നും സുക്കോവ പോലീസിനോട് ചൊടിച്ചു. കോടാലി വെച്ച് അയാളെ വെട്ടിനുറുക്കിയെന്നാണ് സുക്കോവ പോലീസിനോടു പറഞ്ഞത്. ഇയാളുടെ കുടലും മറ്റ് ആന്തരികാവയവങ്ങളുമാണ് ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയതെന്ന് നിയമ ഉദ്യോഗസ്ഥൻ പറയുന്നു.
കോടതിയിൽ വിചാരണയ്ക്ക് ഇടയിൽ തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ വായിച്ചപ്പോൾ ഉറക്കെ ചിരിക്കുകയായിരുന്നു സുക്കോവ.
Discussion about this post