തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് സ്ഥലവും വീടും ധനസഹായവും നൽകാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനാഥരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതിനായി കേരളാ വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷ നൽകും.
രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് മുൻഗണനാ ക്രമത്തിൽ വീട് വച്ചു നൽകുക. ഇരുവരുടേയും വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
മന്ത്രിസഭായോഗത്തിൽ സ്റ്റീൽ ഇൻഡസ്ട്രീയൽസ് കേരള ലിമിറ്റഡിലെ ഓഫീസർമാരുടെ ശമ്പളം ഏപ്രിൽ ഒന്ന് 2014 മുതൽ 5 വർഷത്തേക്ക് പരിഷ്കരിക്കാനും തീരുമാനമായി. 2018-19 സാമ്പത്തിക വർഷത്തെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂർത്തിയായ ശേഷമേ ശമ്പള പരിഷ്കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്കു വിധേയമായാണ് തീരുമാനം.
മന്ത്രിസഭായോഗത്തിൽ കൈക്കൊണ്ട മറ്റ് തീരുമാനങ്ങൾ:
*കെൽട്രോണിലും അനുബന്ധ കമ്പനികളിലും പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
*ഭൂജല വകുപ്പിലെ 25 സിഎൽആർ ജീവനക്കാരെ എസ്എൽആർമാരായി നിയമിക്കും.
*തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിവി സാജനെ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.
*ഹൗസിംഗ് കമ്മീഷണറും ഹൗസിംഗ് ബോർഡ് സെക്രട്ടറിയുമായ എ ഷിബുവിനെ ലാൻറ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
*സർവ്വെ ആന്റ് ലാന്റ് റിക്കോർഡ്സ് ഡയറക്ടറായ ആർ ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെയും ചുമതലകൾ നൽകും.
*ലാന്റ് ബോർഡ് സെക്രട്ടറി ജോൺ വി സാമുവലിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.
Discussion about this post