തിരുവനന്തപുരം: ഇടതുപുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ അമ്പത് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുകയാണ്. എസ്എഫ്ഐ കാലത്ത് നടത്തിയ സമരങ്ങളും മറ്റും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും തരംഗമാവുകയാണ്. നിരവധി പേരാണ് തങ്ങളുടെ ആവേശ ദിനങ്ങളുടെ ഓര്‍മ്മ പങ്കുവെയ്ക്കുന്നത്. ഈ നിറവില്‍ പഴയകാല ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് മുന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായ എകെ ബാലന്.
അന്നത്തെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥി നേതാക്കളും ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ,സിപിഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന് ,ഇപി ജയരാജന് ,പി ജയരാജന് ,മന്ത്രി തോമസ് ഐസക് ,എം എ ബേബി തുടങ്ങിയവരെയും രക്തസാക്ഷികളെയും ഒക്കെ അനുസ്മരിക്കുന്ന പഴയ വിദ്യാര്‍ത്ഥി സംഘടനാ ജീവിതത്തിന്റെ നാള്‍വഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അക്കാലത്ത് നടത്തിയ ചില ധീരമായ ഇടപെടലുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് ചരിത്രത്തിന്റെ തന്നെ ഭാഗമായതാണ്.
വിദ്യാര്‍ത്ഥികളെയും യുവജനതയെയും ഇന്നും ആവേശം കൊള്ളിക്കുന്ന അന്ന് തലശ്ശേരി എംഎല്‍എ ആയിരുന്ന പിണറായിയുടെ ഇടപെടലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മന്ത്രി എകെ ബാലന് അനുസ്മരിക്കുന്നത് ഇങ്ങനെയാണ് ;
1968 നവംബര്‍ 21ന് കോടതി വിധിക്കെതിരായി തലശ്ശേരി കോടതി വളഞ്ഞു, അന്ന് നേതൃത്വം നല്‍കിയത് ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. 100കണക്കിന് സിആര്പിസിക്കാര് ലോക്കല്‍ പോലീസുകാര്‍ കോടതി വളപ്പിലേയ്ക്ക് വിദ്യാര്‍ത്ഥികളെ തടയുന്നതിന് അണിനിരന്നു. എന്നാല്‍ അവരെയെല്ലാം തള്ളി മാറ്റി കോടതി വളപ്പിലേയ്ക്ക് കയറിയ തങ്ങളെ തല്ലിച്ചതച്ചു. പ്രാണരക്ഷാര്‍ത്ഥം കുട്ടികള്‍ കടലിലേയ്ക്ക് ചാടി. ആ വിവരമറിഞ്ഞെത്തിയ പിണറായി വിജയന് ഓടിയെത്തി. കടലില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആ സമയത്തായിരുന്നു എസ്ഐ അബൂബ്ബക്കറുടെ അടി. കുട്ടികളെ രക്ഷിക്കുന്നതിനിടെ പിണറായി വിജയനെ അതിനിഷ്ഠൂരമായി മര്‍ദ്ദിച്ചു. എസ്ഐ ക്ഷീണിക്കും വരെ തല്ലിചതച്ചിട്ടും പിണറായിക്ക് കുലുക്കമുണ്ടായിരുന്നില്ല. അപ്പോഴും കടലില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം.
അതിന് ശേഷം, കുട്ടികളൊക്കെ പിരിഞ്ഞുപോയി. ഇതേതുടര്‍ന്ന് തലശ്ശേരിയില്‍ ഇതുസംബന്ധിച്ച പ്രതിഷേധ യോഗം നടത്തിയിരുന്നു. ആ യോഗത്തിലെത്തിയ പിണറായി വിജയന് നടത്തിയ പ്രസംഗം ഇന്ന് ആവേശമാണ്. അടിച്ച വേദന സഹിക്കാന്‍ കഴിയാതെ രോഷത്തോടെയായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. അവസാന വാക്കുകളായിരുന്നു ഇന്നത്തെ ജനതയ്ക്കും ആവേശം പകരുന്നത്. ‘എസ്ഐ അബൂബക്കര്‍ ഒരു കാര്യം മനസിലാക്കണം, രണ്ട് കൈയ്യും കാലും കണ്ണും ഉണ്ടെങ്കിലേ അബൂബക്കര്‍ക്ക് ഒരു എസ്ഐ ആകാന്‍ സാധിക്കൊള്ളൂ, ഒരു അവയവം നഷ്ടപ്പെട്ടാല്‍ വികലാംഗനായ എസ്ഐ ആയി ജോലി ചെയ്യാന്‍ സാധിക്കില്ല’ എന്ന് പിണറായി വിജയന് പറഞ്ഞ് തീര്‍ത്തതിന് പിന്നാലെ നിലയ്ക്കാത്ത കരഘോഷമായിരുന്നുവെന്ന് മന്ത്രി എകെ ബാലന് അനുസ്മരിക്കുന്നു.
തന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരെയും മന്ത്രി എടുത്ത് പറയുന്നുണ്ട്. ഇതിനിടയിലാണ് ബ്രണ്ണന്‍ കോളേജിലുണ്ടായ സംഘര്‍ഷങ്ങളും മറ്റും അദ്ദേഹം ഓര്‍ത്തെടുത്തത്. ആ സംഘര്‍ഷത്തില്‍ മരണത്തിലേയ്ക്ക് വരെ എത്തിയ അനുഭവവും മന്ത്രി ഓര്‍ത്തു. അവിടെയും തന്നെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നതും ധൈര്യം തന്നതും മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറയുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച തന്നെ, തന്റെ പിടയ്ക്കുന്ന ശരീരത്തെയും പൊട്ടിപ്പൊളിഞ്ഞ് ചോരവാര്‍ന്ന് കിടന്ന തലയും ഡോക്ടര്‍മാര്‍ക്ക് പിടിച്ച് കൊടുത്തതും പിണറായി വിജയന് തന്നെയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.
താന്‍ ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്ന കാലത്താണ് പിണറായി വിജയന് ബ്രണ്ണന്‍ കോളേജ് വിട്ടതെങ്കിലും അദ്ദേഹം പലപ്പോഴും എത്താറുണ്ടെന്നും അത് ഒരു തണലായിരുന്നു തങ്ങള്‍ക്കെന്ന് മന്ത്രി പറയുന്നു. ആ പ്രവര്‍ത്തനവും ഇടപെടലും വലിയ പ്രചോദനം കൂടിയായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post