കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രസിഡന്റ് സ്ഥാനം ആർക്ക് നൽകണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് യുഡിഎഫിന് വിനായയത്. തർക്കത്തെ തുടർന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളിൽ എൽഡിഎഫ് പക്ഷത്ത് ചേരുകയും എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുകയുമായിരുന്നു.
ബേബിയെ മാറ്റി നിർത്താനും മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി തീരുമാനം പുറത്തിറക്കിയതുമാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കിയത്. ആകെയുള്ള 19ൽ 11 വോട്ടുകൾ നേടി ബേബി തന്നെ ഒടുവിൽ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്7, യുഡിഎഫ്-11, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. തർക്കങ്ങളെ തുടർന്ന് ബേബി ഓടംമ്പള്ളിലിനൊപ്പം രണ്ട് യുഡിഎഫ് അംഗങ്ങൾ കൂടി കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനൊപ്പം ചേരുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട രണ്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ഏഴ് എൽഡിഎഫ് അംഗങ്ങളും ബേബിക്ക് വോട്ട് ചെയ്യുകയുമായിരുന്നു.
കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ബേബി 10 വർഷമായി നടുവിൽ പഞ്ചായത്ത് അംഗവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്നു. നാൽപ്പത് വർഷത്തിനുശേഷമാണ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്കെത്തിയത്.
അതേസമയം, വിപ്പ് ലംഘിച്ച ബേബി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തുവെന്നും വിപ്പ് ലംഘനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
Discussion about this post