തൃശ്ശൂർ: കേരളത്തിൽ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണനിർവ്വഹണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിനും എൽഡിഎഫിനും ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞി.
പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നവകേരളം പടുത്തുയർത്തുകയാണ് സർക്കാർ ലക്ഷ്യം. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് കേരള പര്യടനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു. മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽഡിഎഫിനും സർക്കാരിനും ഉണ്ട്. കേരള പര്യടനത്തിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഒട്ടേറെ ആശയങ്ങൾ ലഭിച്ചു. സ്ത്രീ ശാക്തികരണവുമായി ബന്ധപ്പെട്ട് മികച്ച ചർച്ചകൾ നടന്നു. കായികപരിശീലനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കണമെന്ന ആവശ്യവും ഉയർന്നു.
ഇടത് സർക്കാരിന്റെ കേരള വികസനത്തോടുള്ള പ്രതിബദ്ധതയിൽ എല്ലാവരും ആത്മവിശ്വാസം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനം 11 ജില്ലകൾ പൂർത്തിയായിരിക്കുകയാണ്. നിരവധി ആവശ്യങ്ങളും വിവിധ വിഷയങ്ങളിലെ ചർച്ചകളും കേരള പര്യടനത്തിനിടയിൽ നടന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
വനിതാ കമ്മീഷന്റെ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങൾ ഉയർന്നു വരണമെന്നും നിർദേശം വന്നിരുന്നു. ഊർജ്ജസ്വലതയും ശുഭാപ്തി വിശ്വാസവും ഉൾക്കൊണ്ട ചർച്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും മുൻനിർത്തി സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടന്നു. എല്ലാവരും ക്രിയാത്മകമായി ഇടപെട്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു..
Discussion about this post