കൊച്ചി: വൈറലായ ട്രാന്‍സ്‌ജെന്റര്‍ സജ്‌നയുടെ ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നു. ഇതിന്റെ സന്തോഷത്തിലാണ് സജ്‌ന. ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്‌നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകുന്നത്.
എറണാകുളം ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചന്‍ എന്ന ഹോട്ടല്‍ ജനുവരി രണ്ടിന് തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലിനായി പണം നല്‍കിയ നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒക്ടോബറില്‍ തൃപ്പൂണിത്തുറയിലെ റോഡരികില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ ചിലര്‍ സജ്‌നയെയും സംഘത്തെയും തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന ലോകത്തോട് പങ്കുവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സഹായം പ്രഖ്യാപിച്ച് നടന്‍ ജയസൂര്യ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തിയത്. അന്ന് ജയസൂര്യ നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. അദ്ദേഹം നല്‍കിയ തുകയാണ് ഹോട്ടലിന്റെ വാടക അഡ്വാന്‍സായി നല്‍കിയത്. ട്രാന്‍സ് സമൂഹത്തില്‍ സജ്‌നയുടെ അമ്മയായ രഞ്ജുമോള്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ ഹോട്ടലില്‍ നിയമിച്ചിട്ടുണ്ട്.
മൂന്നോ നാലോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ജോലി നല്‍കുമെന്ന് സജ്‌ന അറിയിക്കുന്നു. ജയസൂര്യയോടും ഒപ്പം നിന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് സജ്‌ന പറഞ്ഞു.
Discussion about this post